Skip to main content

ലൈഫ് മിഷന്‍; ജില്ലയില്‍ പൂര്‍ത്തിയായത് 17,987 വീടുകള്‍

·    വെങ്ങാനൂരില്‍ ഭവനസമുച്ചയം
·    കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പൂര്‍ണ പിന്തുണ

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന ഭവനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായി 17,987 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ഒന്നാംഘട്ടത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയില്‍ 6039 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ ജില്ലാതല കര്‍മ്മ സമിതി യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം ലക്ഷ്യംവെച്ചുള്ള രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 5,440 വീടുകള്‍ നിര്‍മിച്ചു. ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു കൃത്യമായ വിവരശേഖരണം നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയ ശേഷം ഭവനം നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനോടകം 64 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രേഖാപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

21 പട്ടികജാതി ഭൂരഹിത-ഭവന രഹിത കുടുംബങ്ങളുടെ പുനരധിവാസത്തിനായി വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭവനസമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു. കൂടുതല്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി ഓരോ ബ്ലോക്ക് പഞ്ചായത്തും കേന്ദ്രീകരിച്ച് ലഭ്യമായ പരമാവധി സര്‍ക്കാര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ സ്ഥലം കണ്ടെത്തിയതായി മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു. അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും യോഗത്തില്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സംസ്ഥാന സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത്, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, ജില്ലാ കോര്‍ഡിനേറ്റര്‍ സജീന്ദ്ര ബാബു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ.എ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1037/2019)

 

date