Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്   27 ന്

 

കാലവര്‍ഷക്കെടുതി കാരണം  മാറ്റി വെച്ച അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സെപ്തംബര്‍ 27 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ടൈം ടേബിള്‍ ലഭിക്കുന്നതിന് അതാത് ഐ.ടി.ഐ യുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2377016. 

 

 

പാസ്സ്‌വേഡ് - ഫ്‌ളവറിംഗ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് തുടക്കമായി 

 

 

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ നടക്കുന്ന പാസ്സ്‌വേഡ് 2019- 20 കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ 'ഫ്‌ളവറിംഗ്' ദ്വിദിന ക്യാമ്പുകള്‍ക്ക് സെപ്തംബര്‍ 14 ന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ 'ഫ്‌ളവറിംഗ്' ദ്വിദിന ക്യാമ്പ് സെപ്തംബര്‍ 21, 22 തിയ്യതികളില്‍ ചേവായൂരിലെ സിജി ഓഡിറ്റോറിയത്തില്‍ നടക്കും.  സംസ്‌കൃക സര്‍വ്വകലാശാല മുന്‍ വി.സിയും എസ്.സി.ഇ.ആര്‍.ടി ഡയരക്്ടറുമായ ഡോ. ജെ പ്രസാദ് ആണ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ന്യൂനപക്ഷക്ഷേമ ഡയരക്ടര്‍ ഡോ എ.ബി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികളുമായുള്ള ഇന്ററാക്ടീവ് സെഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു പങ്കടുക്കും. 

ആഗസ്റ്റില്‍ സ്‌കൂള്‍ തലത്തില്‍ നടന്ന 'ട്യൂണിംഗ്' ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറ് പേരാണ് ക്യാമ്പ് പ്രതിനിധികള്‍. കരിയര്‍ പ്ലാനിംഗും ലക്ഷ്യനിര്‍ണ്ണയവും, പഠനവും ഗവേഷണവും പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും, ഉന്നത കേന്ദ്ര- സംസ്ഥാന തൊഴില്‍ മേഖലകളും എന്‍ട്രപ്രണര്‍ഷിപ്പും, പഠന ഗവേഷണ മേഖലയിലെ പുതിയ മാറ്റങ്ങള്‍, ഇന്റര്‍നെറ്റ്- ഐ ടി സാധ്യതകള്‍ തുടങ്ങിയ സെഷനുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും. 12 ക്യാമ്പുകളില്‍ നിന്നുമായി 120 മികച്ച വിദ്യാര്‍ത്ഥികളെയാണ് അടുത്ത ഘട്ടമായ എക്‌സ്‌പ്ലോറിംഗ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കുന്നത്.

 

 

കണ്‍സ്യൂമര്‍ ഔട്ട്‌റീച്ച് പ്രോഗ്രാം 26 ന്

 

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ബാംഗ്ലൂര്‍ റിജ്യണല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഔട്ട്‌റീച്ച് പ്രോഗ്രാം സെപ്തംബര്‍ 26 ന് ഉച്ചക്ക് 2.30 ന്് വൈ.എം.സി.എ ക്രോസ് റോഡിലുളള  ഹോട്ടല്‍ മറൈന്‍ റസിഡന്‍സിയില്‍ നടക്കും. ഉപഭോക്താക്കളുടെ അവകാശം, നിയമം, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

 

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

 

 

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക്:  8137969292.

 

 

പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും 

 

 

സംസ്ഥാനത്തെ പ്രളയ, വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും സര്‍ക്കാരും സംയുക്തമായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്‍ഷിക വിള വായ്പയില്‍ നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധിയുമുണ്ടാകും. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാത്ത പുതിയ വായ്പ നല്‍കും. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമേ ഉണ്ടാകൂ. പിഴപലിശ ഈടാക്കില്ല. 

വിളനാശം ഉണ്ടായവര്‍ക്കും അതോടൊപ്പം വളര്‍ത്തുമൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറൊട്ടോറിയം ലഭിക്കും. നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധി, കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍ മറ്റു കാര്‍ഷികാവശ്യങ്ങള്‍ എന്നിവയ്ക്കായി ആവശ്യാനുസരണം പുതിയ വായ്പ എന്നിവയുണ്ടാകും. പുതിയ വായ്പകള്‍ക്ക് മറ്റ് ഈടോ ഗ്യാരണ്ടിയോ നല്‍കേണ്ടതില്ല.

വ്യാപാരവ്യവസായ സംരംഭങ്ങള്‍ക്ക് നിലവിലുളള വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറട്ടോറിയം ലഭിക്കും. നിലവിലുളള പ്രവര്‍ത്തന മൂലധന വായ്പകള്‍ 36 മാസം കൊണ്ട് തിരിച്ചടയ്ക്കാവുന്ന കാലാവധി വായ്പകളാക്കി മാറ്റാം. നിലവിലുളള കാലാവധി വായ്പകള്‍ക്ക് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തിരിച്ചടവിന് കൂടുതല്‍ കാലാവധിയുമുണ്ടാകും. സംരംഭകരുടെ ആവശ്യാനുസരണം നിലവിലെ സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പകളും അനുവദിക്കും. 
ഭവനവായ്പ തിരിച്ചടവിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും വീട് പുതുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പയും അഞ്ച് ലക്ഷം വരെ മാര്‍ജ്ജിന്‍ ഇല്ലാതെ ലഭിക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ആറ് മാസം വരെ മൊറൊട്ടോറിയവും പുതിയ വ്യക്തിഗത വായ്പയ്ക്ക് പ്രളയ ബാധ്യത വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പരമാവധി 10000 രൂപ വരെ ആവശ്യാനുസരണം 30 മാസം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വ്യക്തിഗത വായ്പ ഈടൊ മാര്‍ജ്ജിനോ ഇല്ലാതെ നല്‍കും. 

നിബന്ധനകള്‍ക്ക് വിധേയമായാണ് വായ്പകള്‍ അനുവദിക്കുക. ഇളവുകളും ആനുകൂല്യങ്ങളും 31.07.2019 ന് തിരിച്ചടവ് തെറ്റാത്ത/നിഷ്‌ക്രിയ ആസ്തി അല്ലാത്ത വായ്പകള്‍ക്ക് മാത്രമായിരിക്കും. കേരള സര്‍ക്കാര്‍ പ്രളയ/ദുരന്ത ബാധിതമെന്ന് പ്രഖ്യാപിച്ചിട്ടുളള വില്ലേജുകളില്‍പെട്ട അപേക്ഷകര്‍ക്ക് മാത്രമാണ് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുക. ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷകളും പുതിയ വായ്പക്കുളള അപേക്ഷകളും നവംബര്‍ 25 ന് മുമ്പായി ബന്ധപ്പെട്ട ബാങ്ക് ശാഖകളില്‍ സമര്‍പ്പിക്കണം. ഇന്‍ഷൂറന്‍സ് ആനുകൂല്യം വായ്പയിലേക്ക് വരവ് ചെയ്യേണ്ടതാണെന്നും കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. 

 

 

രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അയക്കണം

 

 

01/01/2004 മുതല്‍ 01/01/2019 വരെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് എകസ്ചേഞ്ച് മുഖേന താല്‍ക്കാലികമായി 179/180 ദിവസം ജോലി ലഭിച്ച ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിടുതല്‍ സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പും  സെപ്തംബര്‍ 25 നുളളില്‍ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിലേക്ക് തപാല്‍ മുഖാന്തിരമോ/കൊറിയര്‍ മുഖാന്തിരമോ അയക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി.ആന്റ് ഇ) അറിയിച്ചു.  

 

 

ഇ.എം.ടി ടെക്നിഷ്യന്‍ : കൂടിക്കാഴ്ച 25 ന്

 

 

സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ഇ.എം.ടി ടെക്നിഷ്യന്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച സെപ്തംബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത - ബി.എസ്സി നേഴ്സിംഗും അഡ്വാന്‍സ് ലൈഫ് സപോര്‍ട്ട്/ബേസിക് ലൈഫ് സപോര്‍ട്ട്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ (ഗവ.അംഗീകൃതം), മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് ഫോട്ടോകോപ്പിയും, ഫോട്ടോ പതിച്ച ബയോഡാറ്റയും, ഐ.ഡി സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0495 2721998.

 

അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് മലേഷ്യന്‍ സര്‍ക്കാര്‍

 

 

അനധികൃത കുടിയേറ്റക്കാര്‍ക്ക്  നാട്ടില്‍ തിരികെ പോകുവാന്‍ അവസരം ഒരുക്കി മലേഷ്യന്‍ സര്‍ക്കാര്‍. ഇതനുസരിച്ച് മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ  മലയളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. പൊതു മാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍  ലഭിക്കുവാന്‍  യാത്രാ രേഖകള്‍, പാസ്സ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷന്‍ ഓഫീസില്‍ ഒടുക്കേണ്ട  പിഴത്തുകയായ 700 മലേഷ്യല്‍ റിങിറ്റ്  എന്നിവ വേണം. 2019 ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. പ്രസ്തുത പദ്ധതി  പ്രകാരം കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതല്ല.  മലേഷ്യയില്‍ നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ കരാര്‍/ വിസ/ വര്‍ക്ക് പെര്‍മിറ്റ് എന്നിവ ഇല്ലാതെ ജോലി നോക്കുന്നുണ്ട്. അംഗീകൃത വിസ ഇല്ലാത്തവര്‍ക്കെതിരെ തൊഴില്‍ ദാതാവ്് മോശമായി പെരുമാറുക, വേതനം നല്‍കാതിരിക്കുക, പാസ്പോര്‍ട്ട് പിടിച്ച് വയ്ക്കുക, മെഡിക്കല്‍ സൗകര്യം നല്‍കാതെ അസുഖം ബാധിക്കുമ്പോള്‍ ഉപേക്ഷിക്കുക തുടങ്ങിയ കാരണമാണ് ഭൂരിപക്ഷം കുടിയേറ്റക്കാരും മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. കോലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ സ്വമേധയാ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവ നല്‍കി വരികയാണ്. മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ മലയാളികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍തഥിച്ചു. 

 

date