Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകള്‍

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ എറണാകുളം ഇല്ലത്തുപടിയില്‍  പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലേക്ക് താത്കാലിക  മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (പുരുഷന്‍) ഒഴിവിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് സെപ്തംബര്‍ 24-ന്  രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തുന്നു.
എട്ടാം ക്ലാസ് പാസായ 30 വയസിനു മുകളിലും 50 വയസില്‍ താഴെ പ്രായമുളള സേവന തത്പരരായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം.  പ്രതിമാസ വേതനം 17,765/-

ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ സപ്തംബര്‍ 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍  കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍കടയില്‍ ചെന്ന് ആധാര്‍ ബന്ധിപ്പിക്കണം. റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സപ്തംബര്‍ 23-ന് വടുതല മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഇതിനായി പ്രത്യേകം ക്യാമ്പ് നടത്തുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://epos.kerala.gov.in/SRC Trans Int.jsp പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തെരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാം.

 കളമശേരി വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 23-ന്

കൊച്ചി: കളമശേരി വനിത ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ സപ്തംബര്‍ 23 ന് രാവിലെ 11-ന് നടത്തും. യോഗ്യത അംഗീകൃ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്; ;അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഈ അദ്ധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് ഉളളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരായിരിക്കണം. താത്പര്യമുളള വിദ്യാര്‍ഥികള്‍ അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഷിക പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 25-ന് വൈകിട്ട് അഞ്ചിനു മുമ്പായി ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം.

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവത്്ക്കരണ ശില്‍പ്പശാല  സെപ്റ്റംബര്‍ 20-ന് രാവിലെ 10.30 ന് തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് സൊസൈറ്റി ഹാളില്‍ വച്ച് നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് ശില്പശാലയില്‍ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ അന്നേ ദിവസം രാവിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് സൊസൈറ്റി ഹാളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 0484 –-2422458, 8921952116.

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല   സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠന സമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ലി) പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ ലഭിക്കണം.
വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  8137969292.

അസാപ് പ്രാഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു

 കൊച്ചി: ഉന്നത വിദ്യാഭാസ വകുപ്പിന്റെ അസാപ് (അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) എന്ന പ്രോജെക്റ്റിലേക്കു പ്രോഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു . എറണാകുളം ജില്ലയിലെ വിവിധ അസാപ് ഓഫീസുകളായ റ്റിഎംജിഎം ഗവ: കോളേജ് മണിമലക്കുന്ന്, ജി.എച്ച്.എസ്.എസ് മഞ്ഞപ്ര, ഇ.എം.ജി.എച്ച്.എസ്.എസ് വെളി, ഫോര്‍ട്ട്‌കൊച്ചി ജി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.എച്ച്.എസ്.എസ് പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആയിരിക്കും നിയമനം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് 60 ശതമാനം മാര്‍ക്കോടുകൂടി, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എംബിഎ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  സെപ്റ്റംബര്‍ 27 -ന് രാവിലെ  10-ന് ഇടപ്പള്ളി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ മാര്‍ക് ലിസ്റ്റിന്റെ അസ്സല്‍ രേഖകളും, രേഖകളുടെ പകര്‍പ്പും, ബയോഡേറ്റയും സഹിതം അഭിമുഖത്തിനു എത്തിച്ചേരണം. ഇന്റേണ്‍ഷിപ്പ് പ്രതിമാസ സ്‌റ്റൈപ്പന്റ് 10000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  9740016688

ക്ഷീര വികസന വകുപ്പ്
ക്ഷീര ഗ്രാമം പദ്ധതി
കൊച്ചി: സംസ്ഥാന ക്ഷീര വികസന വകുപ്പ് ക്ഷീര മേഖലയില്‍ മികവ് പുലര്‍ത്തുന്ന 10 ഗ്രാമപഞ്ചായത്തുകളെ പ്രതേ്യകമായി തെരഞ്ഞെടുത്ത്, സ്വയം             പര്യാപ്ത ക്ഷീര ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന “ക്ഷീരഗ്രാമം” പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്ത് ഉത്തരവായിട്ടുണ്ട്. ക്ഷീര ഗ്രാമം പദ്ധതിയില്‍ രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ്, 10 പശു ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, പുതിയ തൊഴുത്ത് നിര്‍മ്മാണം, ധാതുലവണ മിശ്രിതം എന്നിവ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നു. പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതോടെ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ 3000 ലിറ്റര്‍ പാല്‍ പ്രതിദിന ഉല്‍പാദന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. വിവിധ പദ്ധതികള്‍ക്കുള്ള ധനസഹായമായി മൊത്തം 50 ലക്ഷം രൂപ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകരായ  പദ്ധതി ഗുണഭോക്താക്കള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളിലോ, മൂവാറ്റുപുഴ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റിലോ സെപ്തംബര്‍ 30 തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ക്ഷീരവികസന വകുപ്പ്, എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date