Skip to main content

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം

 

    കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഈ പുരസ്‌കാരത്തിന് അര്‍ഹത നേടുന്നത്. പഞ്ചായത്ത് നടപ്പാക്കിവരുന്ന വിവിധ മാതൃകാപദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ വര്‍ഷത്തെയും പുരസ്‌കാരം പഞ്ചായത്തിനെ തേടിയെത്തിയതെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു പറഞ്ഞു. മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി എന്ന ആശയം മുന്‍നിര്‍ത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം 37 മാതൃകാ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    കിള്ളിയാര്‍ മിഷന്‍, ജൈവഗ്രാമം, വല്ലംനിറ, അങ്കണവാടി ജൈവഗ്രാമം, തരിശുരഹിത ജൈവഗ്രാമം, അഗ്രി ഇന്‍ക്യൂബേഷന്‍ സെന്റര്‍, ക്ഷീരസമൃദ്ധി ഡയറി ഫാം, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ എന്നീ പദ്ധതികള്‍ക്കു പുറമേ ആരോഗ്യ-വിദ്യാഭ്യാസ രംഗത്തും വനിതാ-ഭിന്നശേഷി-പിന്നാക്ക വിഭാഗങ്ങള്‍ക്കും മികച്ച പദ്ധതികള്‍ നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.

    മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്‌കാരവും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെയും പ്രസിഡന്റ് ബി.ബിജുവിനെയും തേടിയെത്തിയിരുന്നു. അംഗനവാടി തലത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി യൂണിസെഫിന്റെ പ്രശംസാ പത്രവും ബ്ലോക്ക് നേടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനഫലമായി മികച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡും ജൈവഗ്രാമത്തിന് കൃഷിവകുപ്പിന്റെ അവാര്‍ഡും ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്.

    ഭാവിതലമുറയ്ക്കുള്ള കരുതലന്നോണം തോടുകള്‍, നീരുറവകള്‍ എന്നിവയെ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ലഭ്യമായ ഭൂമിയെ പരമ്പരാഗത കാര്‍ഷിക രീതികളിലൂടെ കൃഷിയോഗ്യമാക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
(പി.ആര്‍.പി. 1036/2019)

 

date