Skip to main content

സര്‍വ്വസജ്ജം; ഇന്ന്(സെപ്റ്റംബര്‍ 23) വോട്ടെടുപ്പ്

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി 176 പോളിംഗ് ബൂത്തുകളും ഒരുങ്ങി. വോട്ടെടുപ്പ് ഇന്ന്(സെപ്റ്റംബര്‍ 23) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടക്കും.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം കൃത്യമെന്ന് ഉറപ്പാക്കുന്നതിനുള്ള മോക് പോള്‍ രാവിലെ ആറിന് ആരംഭിക്കും. എല്ലാ ബൂത്തുകളിലും 50 വോട്ടുകള്‍ ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗസജ്ജമെന്ന് ഉറപ്പാക്കി,  മോക്പോള്‍ ഫലം മായ്ച്ചതിനുശേഷമാകും  വോട്ടിംഗിനായി സജ്ജമാക്കുക.  വൈകുന്നേരം ആറിന് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കും.

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്നാണ് ഇന്നലെ (സെപ്റ്റംബര്‍ 22) പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. ഓരോ ബൂത്തിലേക്കും നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസറും മൂന്നു പോളിംഗ് ഓഫീസര്‍മാരും ചേര്‍ന്ന് ഇവ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 1.30നുള്ളില്‍ എല്ലാ ബൂത്തുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടു.  പ്രത്യേകം ഏര്‍പ്പെടുത്തിയ 44 വാഹനങ്ങളില്‍ പോലീസ് സംരക്ഷണത്തിലാണ് ഇവരെ കൊണ്ടുപോയത്. എല്ലാ സംഘങ്ങളും ഉച്ചകഴിഞ്ഞ്  3.15നു മുന്‍പ് ബൂത്തുകളിലെത്തി.  വൈകുന്നേരം അഞ്ച് മണിയോടെ ബൂത്തുകളിലെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

date