Skip to main content

സൗരോർജ ശീതസംഭരണി ഉദ്ഘാടനം ഇന്ന് (24/09/19) മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും

 അനെർട്ട് 2019-20 സാമ്പത്തികവർഷത്തിൽ മാതൃകാപദ്ധതിയായി നടപ്പിലാക്കിയ സൗരോർജ ശീതസംഭരണിയുടെ ഉദ്ഘാടനം എക്സൈസ്, തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഇന്ന്  (24/09/19) രാവിലെ 11 മണിക്ക് നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നൊച്ചാട് സുഭിക്ഷ നാളികേര ഉത്പാദക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ അനെർട്ട് ഡയറക്ടർ അമിത് മീണ മുഖ്യ പ്രഭാഷണവും, നൊച്ചാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ ആശംസയും അർപ്പിക്കും. പദ്ധതിയുടെ റിപ്പോർട്ട് അനെർട്ട് പ്രോഗ്രാം ഓഫീസർ അനീഷ് എസ് പ്രസാദ് അവതരിപ്പിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സതി അധ്യക്ഷ ആകുന്ന ചടങ്ങിൽ എം. കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും സുഭിക്ഷ ഡയറക്ടർ ഇ എം ലിജി നന്ദിയും അറിയിക്കും.
നാളികേരം, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ കേടുകൂടാതെ സംരക്ഷിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സുഭിക്ഷ നാളികേര ഉത്പാദക കേന്ദ്രത്തിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ശീതസംഭരണി അനെർട്ട് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് മെട്രിക് ടൺ ശേഷിയുള്ള സംഭരണിയുടെ പ്രവർത്തനത്തിന് ആവശ്യമായ അഞ്ച് എച്ച്.പി കംപ്രസ്സർ മോട്ടോർ, ആറ് കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളിൽ നിന്നുള്ള വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. വൈദ്യുതിയുടെ അഭാവത്തിലും 30 മണിക്കൂർ വരെ നിശ്ചിത താഴ്ന്ന ഊഷ്മാവ് നിലനിർത്താൻ സംഭരണിക്ക് സാധിക്കും. കാർഷിക വ്യാവസായിക മേഖലകൾക്ക് ലാഭകരമാകുന്ന രീതിയിൽ പദ്ധതി വ്യാപകമാക്കാനാണ് അനെർട്ട് ശ്രമിക്കുന്നത്. അനെർട്ടിന്റെ പദ്ധതിതുകയിൽ നിന്നും 13.65 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോർജ ശീതസംഭരണി സ്ഥാപിച്ചിരിക്കുന്നത്.
പി.എൻ.എക്‌സ്.3390/19

date