Skip to main content

പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് 'ശ്രേഷ്ഠ ബാല്യം' പദ്ധതി

സംസ്ഥാനത്തെ അങ്കണവാടികൾ ഉൾപ്പടെ പിന്നാക്കം നിൽക്കുന്ന മുന്നൂറിലധികം പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ശ്രമദാനവുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് 'ശ്രേഷ്ഠ ബാല്യം' പദ്ധതി നടപ്പാക്കുന്നു.
എൻ.എസ്.എസിന്റെ അൻപതാം വാർഷികത്തിന്റേയും ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജൻമ
വാർഷികത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഭാഗമായി വിദ്യാർത്ഥി വോളന്റിയർ ശ്രമദാനങ്ങളിലൂടെ സെപ്തംബർ 24 എൻ.എസ്.എസ് ദിനം മുതൽ ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി വരെയുള്ള കാലയളവിൽ സമുദ്ധാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തെ 319 വി.എച്ച്.എസ്.ഇ വിദ്യാലയ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ ഓരോ യൂണിറ്റിന്റേയും സമീപപ്രദേശത്തുള്ള ശോചനീയമായ അവസ്ഥയിൽ തുടരുന്ന ഒരു അങ്കണവാടി അല്ലെങ്കിൽ ഒരു എൽ.പി - യു.പി സ്‌കൂൾ ദത്തെടുക്കാം. അവിടെ തദ്ദേശ സ്വയംഭരണ അധികൃതരുമായി ചർച്ച ചെയ്ത് ജനകീയ കൂട്ടായ്മയോടെ അടിസ്ഥാന സൗകര്യ വികസനം മുതൽ ദൈനംദിന പ്രവർത്തന സാങ്കേതിക വരെയുള്ള കാര്യങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുന്ന രീതിയിലുള്ള ശ്രമദാന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.  പ്രോജക്ടിന്റെ ഭാഗമായി 28, 29 തിയതികളിലായി യൂണിറ്റുകളിൽ ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പുകളും സംഘടിപ്പിക്കും.
30,000 വിദ്യാർത്ഥി വോളന്റിയർമാരും അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയിൽ നേരിട്ട് പങ്കാളികളാവുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 319 യൂണിറ്റുകളും തദ്ദേശീയമായ ജനകീയ ആഘോഷങ്ങളോടെ സംഘടിപ്പിക്കും. സംസ്ഥാനതല പ്രഖ്യാപന ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമെന്നും എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.
പി.എൻ.എക്‌സ്.3392/19

date