Skip to main content

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും - മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും  പ്രവൃത്തി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 8.4 കോടി രൂപ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ ലെവല്‍ ഒന്ന് നിലവാരത്തിലുള്ള ട്രോമാകെയര്‍ യൂണിറ്റാണ് ആരംഭിക്കുക. മുന്‍ ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയും ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തും. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 200 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.  വിവിധ മേഖലകളില്‍ നിന്ന് ധനസമാഹരണം നടത്തി ആശുപത്രിയില്‍ ഇതിനോടകം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതുതായി 235  നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു.  250 പേര്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ 14 കോടി ചിലവില്‍ പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ കോളേജ് നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 

നാലു കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്തായാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി 50 കിടപ്പുമുറികളും, 12 ടോയ്ലറ്റ് ബ്ലോക്കുകളും, മൂന്ന് റിക്രിയേഷന്‍ റൂമുകളും, മൂന്ന് റീഡിംഗ് റൂമുകളും, വാര്‍ഡന്റെ റൂമും, ഡൈനിംഗ് ഹാളോടുകൂടിയ അടുക്കളയുമാണ് ഉള്‍പ്പെടുത്തിയത്. 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാര്‍മസി നവീകരിച്ചത്. എട്ട് കൗണ്ടറുകളാണ് ഉള്ളത്. ഡിസ്പന്‍സിംഗ് ഏരിയ, സെമിനാര്‍ റൂം, ഹെഡ് ഫാര്‍മസിസ്റ്റ് റൂം, കൗണ്‍സിലിംഗ് റൂം, സ്റ്റോര്‍ റൂം, മെഡിസിന്‍ മിക്സിംഗ് ഏരിയ, റെസ്റ്റ് റൂം, ടോയ്ലറ്റ് സൗകര്യം എന്നീ സൗകര്യങ്ങളും ഉണ്ട്.  ആരോഗ്യവകുപ്പ് തയ്യാറാക്കിയ നിപ കൈപുസ്തകം മന്ത്രി ശൈലജ ടീച്ചര്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.  കൗണ്‍സിലര്‍ ഷെറീന വിജയന്‍, പ്രിന്‍സിപ്പല്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ പ്രതാപ് സോംനാഥ്, എം.സി.എച്ച് സൂപ്രണ്ട് ഡോ. കെ.ജി സജീത്ത് കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് സി. ശ്രീകുമാര്‍. ഐ.സി.ഡി സൂപ്രണ്ട് ഡോ ടി.പി രാജഗോപാല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി സൂപ്രണ്ട് ഡോ കെ.എം കുര്യാക്കോസ്,  എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേഖ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ 

വര്‍ണാഭമായ തുടക്കം

 

 

ജില്ലയില്‍ നിന്ന് കുഷ്ഠരോഗത്തെ പിഴുതെറിയാനുള്ള ഊര്‍ജിത പരിപാടിയായ അശ്വമേധം രണ്ടാം ഘട്ടത്തിന് വര്‍ണാഭമായ തുടക്കം. പന്തീരാങ്കാവ്  ടൗണില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമണി പരിപാടിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ദിനേശ് അത്തോളി അധ്യക്ഷനായി. ജില്ലാ ലെപ്രസി  ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്  മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ, ഒളവണ്ണ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ സാജിദ  ബീഗം, ജില്ല മാസ് മീഡിയ ഓഫീസര്‍  മണി എം പി, ഡപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ് ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷിബു ആദായ്, പി എച്ച് എന്‍ സൂപ്പര്‍വൈസര്‍ റാണി,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  അജയകുമാര്‍  എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ  വകപ്പുദ്യോഗസ്ഥര്‍, ആശാ വളണ്ടിയര്‍മാര്‍, എന്‍ സി സി, സ്്കൗട്ട് കേഡറ്റുമാര്‍  തുടങ്ങിയവര്‍  പങ്കെടുത്ത വര്‍ണ്ണശബളമായ  റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. അശ്വമേധം രണ്ടാം ഘട്ടത്തിന്റെ സൂചകമായി രണ്ട് കുതിരകളെ റാലിയില്‍ അണിനിരത്തിയത് ശ്രദ്ധേയമായി. ഒക്ടാബര്‍ ആറ് വരെ നടക്കുന്ന അശ്വമേധം പരിപാടിയില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്  ഡി.എം.ഒ ഡോ ജയശ്രീ വി അഭ്യര്‍ത്ഥിച്ചു.

 

നിപ കൈപ്പുസ്തകം പ്രകാശനം ചെയ്തു

'Encountering Nipah - The Kerala Experience'

 

കോഴിക്കോട് ജില്ലയില്‍ 2018-മേയ് മാസത്തില്‍ പടര്‍ന്നുപിടിച്ച നിപ വൈറസിനെ ഫലപ്രദമായി നേരിടുന്നതിനായി ആരോഗ്യവകുപ്പ് നടത്തിയ ഇടപെടലുകളെ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന  കൈപുസ്തകം ആരോഗ്യവകുപ്പ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന വിവിധ  പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജടീച്ചര്‍ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ് കുമാറിന് കൈമാറിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ,  മെഡിക്കല്‍ കോളേജ് സൂപ്രണ്ട്  ഡോ.കെ.ജി സജിത്ത്കുമാര്‍, ഐ.സി.ഡി സൂപ്രണ്ട് ഡോ ടി.പിരാജഗോപാല്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എറണാകുളം ജില്ലയില്‍ ഈ വര്‍ഷം നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോഴിക്കോട് ജില്ലയുടെ അനുഭവം ഉള്‍ക്കൊള്ളുന്ന പുസ്തകം ഏറെ സഹായകരമായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും റഫര്‍ ചെയ്യാവുന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസറായ ഡോ.മിഥുന്‍.എസ് ആണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കോഴിക്കോടാണ് ഈ കൈപുസ്തകം പ്രസിദ്ധീകരിച്ചത്. 

 

 

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍;

അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാനത്തെ സ്വാശ്രയമേഖലയിലെ ടിടിസിക്ക് തുല്ല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു  എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് നേടിവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്സ്. അവസാന തീയതി സെപ്തംബര്‍ 25. www.educationkerala.gov.in. ഫോണ്‍ - 9446321496. 

 

 

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം

 

ജില്ലയിലെ വിവിധ തീരദേശ മത്സ്യ ഗ്രാമങ്ങളില്‍ ഫീല്‍ഡ് ജോലിക്കായി 25 പേരെ താത്കാലികമായി നിയമിക്കും. താത്പര്യമുള്ള, മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ യുവതീ യുവാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ സപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തും.     

പ്രതിമാസ ഹോണറേറിയം 6,000 രൂപ, യോഗ്യത - ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബാംഗമായിരിക്കണം. വയസ്സ് 18-35. മത്സ്യത്തൊഴിലാളി മേഖലയില്‍ ഫീല്‍ഡ് ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0495-2383780.

 

മെഡ്‌കോയില്‍ കരാര്‍ നിയമനം 

 

 

ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആര്‍.എസ്.ബി.വൈക്ക് കീഴില്‍ മെഡ്‌കോ (MEDCO)  വിഭാഗത്തിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സും ജനറല്‍ നഴ്‌സിംഗ്/ബിഎസ്‌സി നഴ്‌സിങ്ങും(നിര്‍ബന്ധം). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍  രേഖകളും സഹിതം ഈ മാസം 25ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം. 

 

ആരോഗ്യമിത്രയില്‍ ഒഴിവ് 

 

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രം ആര്‍എസ്ബിവൈക്ക് കീഴില്‍ ആരോഗ്യമിത്ര വിഭാഗത്തിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ആറ് ഒഴിവുകളാണ് ഉളളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍  രേഖകളും സഹിതം സെപ്തംബര്‍ 26 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം. യോഗ്യത - ബി.സി.എ. 

 

 

എന്യൂമറേറ്റര്‍ നിയമനം

 

 

ഫിഷറീസ് വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി  ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യാത്രാബത്തയുള്‍പ്പെടെ  25,000 രൂപ പ്രതിമാസ വേതനമായി ലഭിക്കും. പ്രായ പരിധി 21 - 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. അപേക്ഷ ബയോഡാറ്റാ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം സപ്തംബര്‍ 28 ന് വൈകീട്ട് അഞ്ച് മണിക്കകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട് - 673005 എന്ന വിലാസത്തില്‍ ലഭിക്കണം ഫോണ്‍ 0495 - 2383780.

 

 

date