Skip to main content

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം; സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന് 

                                                

  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്  മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം 2019 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും.  എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. മത്സരം നയിക്കുന്നത് പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ ഡോ ജി.എസ്. പ്രദീപ് ആയിരിക്കും.  വിജയികള്‍ക്ക്  ക്യാഷ് അവാര്‍ഡും,  സ്‌ക്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്ര ജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും  സമ്മാനിക്കും.  75 ശതമാനം  പൊതു വിജ്ഞാനവും 25 ശതമാനം  ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതായിരിക്കും വിഷയം. താല്പര്യമുള്ള വിദ്യാലയങ്ങള്‍ സെപ്തംബര്‍ 28 ന് വൈകീട്ട് 4 മണിക്കകം secretary@kkvib.orgiokkvib@gmail.com,  ioekkvib.org  എന്നീ ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  9496133853, 9447271153, 049712471694. 

 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 

പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്‌സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (രണ്ട് മാസം) കോഴ്‌സിലേക്ക് 20 നും  25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം. ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഏവിയേഷന്‍ മേഖലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഏയര്‍ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള ഐ.എ.ടി.എ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്‌സ് സൗജന്യമായി നല്‍കും.  അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, ഗവ. ഐ,ടി.ഐക്ക്  സമീപം, പുളിയര്‍മല, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ സെപ്തംബര്‍ 25 ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം.  ഫോണ്‍ - 0495 2370379 (എസ്.സി.ഡി.ഒ, ഓഫീസ്, കോഴിക്കോട്), 0496 3206062 (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), 7736147308 (ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ബാക്ക് ഓഫീസ്), 8075524812 (ഏവിയേഷന്‍).

          

പട്ടികജാതി വിഭാഗത്തിന് തൊഴില്‍ പരിശീലനം 

 

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട, യുവതീയുവാക്കള്‍ക്ക് മത്സരപരീക്ഷ പരിശീലനം, പട്ടികജാതി വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലനം എന്നിവയ്ക്ക് മുന്‍ഗണനാ മാനദണ്ഡപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 30, ഒക്‌ടോബര്‍ ഒന്ന് തിയ്യതികളില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 മണിക്ക് വിദ്യാഭ്യാസയോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഗ്രാമസഭകളില്‍നിന്നും തെരഞ്ഞെടുത്തതിന്റെ രേഖ എന്നിവ സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

 

 

വാഹനങ്ങളുടെ  ലേലം 27 ന്

 

കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക്  കണ്ടുകെട്ടിയതുമായ   വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സെപ്തംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. കോഴിക്കോട് ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495  2372927.

 

ഓഫീസുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി

നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും- ജില്ലാ കലക്ടര്‍

 

വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്ന ഭിന്നശേഷിക്കാരുമായുള്ള ആശയ വിനിയമം ഉറപ്പാക്കുന്നതിനും അവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മുന്‍കയ്യെടുക്കുമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കേള്‍വി പരിമിതിയുള്ളവര്‍ ഓഫീസുകളിലെത്തുമ്പോള്‍ അവരുടെ ആംഗ്യ ഭാഷ മനസ്സിലാവാത്തതു മൂലം അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ഭിന്നശേഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി.

അന്തര്‍ദേശീയ ആംഗ്യ ഭാഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ആള്‍ കേരള അസോസിയേഷന്‍ ഓഫ് ദി ഡഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ആംഗ്യ ഭാഷയും സമൂഹവും' എന്ന വിഷയത്തില്‍ നടത്തിയ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ് ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ് കമ്പനിയായ സൈന്‍ നെക്സ്റ്റിന്റെ സി.ഇ.ഒ തീര്‍ത്ഥ നിര്‍മ്മല്‍, ആംഗ്യ ഭാഷാ വിദഗ്ധന്‍ ഡി.എസ്. വിനയ് ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. വി.എ യൂസുഫ്, ബി.കെ ഹരിദാസ്, എ.സി സിറാജ് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സംവിധാനങ്ങളും ബധിരര്‍ക്കായി ആംഗ്യ ഭാഷാ സൗഹൃദമാകണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. 

 

 

date