Skip to main content

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും - മന്ത്രി കെ കെ ശൈലജ ടീച്ചര്‍

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും  പ്രവൃത്തി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 8.4 കോടി രൂപ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ ലെവല്‍ ഒന്ന് നിലവാരത്തിലുള്ള ട്രോമാകെയര്‍ യൂണിറ്റാണ് ആരംഭിക്കുക. മുന്‍ ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയും ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തും. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 200 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.  വിവിധ മേഖലകളില്‍ നിന്ന് ധനസമാഹരണം നടത്തി ആശുപത്രിയില്‍ ഇതിനോടകം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതുതായി 235  നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു.  250 പേര്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ 14 കോടി ചിലവില്‍ പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ കോളേജ് നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 

നാലു കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്തായാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി 50 കിടപ്പുമുറികളും, 12 ടോയ്ലറ്റ് ബ്ലോക്കുകളും, മൂന്ന് റിക്രിയേഷന്‍ റൂമുകളും, മൂന്ന് റീഡിംഗ് റൂമുകളും, വാര്‍ഡന്റെ റൂമും, ഡൈനിംഗ് ഹാളോടുകൂടിയ അടുക്കളയുമാണ് ഉള്‍പ്പെടുത്തിയത്. 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാര്‍മസി നവീകരിച്ചത്. എട്ട് കൗണ്ടറുകളാണ് ഉള്ളത്. ഡിസ്പന്‍സിംഗ് ഏരിയ, സെമിനാര്‍ റൂം, ഹെഡ് ഫാര്‍മസിസ്റ്റ് റൂം, കൗണ്‍സിലിംഗ് റൂം, സ്റ്റോര്‍ റൂം, മെഡിസിന്‍ മിക്സിംഗ് ഏരിയ, റെസ്റ്റ് റൂം, ടോയ്ലറ്റ് സൗകര്യം എന്നീ സൗകര്യങ്ങളും ഉണ്ട്.  ആരോഗ്യവകുപ്പ് തയ്യാറാക്കിയ നിപ കൈപുസ്തകം മന്ത്രി ശൈലജ ടീച്ചര്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.  കൗണ്‍സിലര്‍ ഷെറീന വിജയന്‍, പ്രിന്‍സിപ്പല്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ പ്രതാപ് സോംനാഥ്, എം.സി.എച്ച് സൂപ്രണ്ട് ഡോ. കെ.ജി സജീത്ത് കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് സി. ശ്രീകുമാര്‍. ഐ.സി.ഡി സൂപ്രണ്ട് ഡോ ടി.പി രാജഗോപാല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി സൂപ്രണ്ട് ഡോ കെ.എം കുര്യാക്കോസ്,  എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേഖ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

വന്യജീവി ഫോട്ടോഗ്രഫി മത്സരം:
എന്‍ട്രികള്‍ ക്ഷണിച്ചു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.fortse.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍. കരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്‌സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മത്സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

ആധാര്‍ ലിങ്കിംഗ് ക്യാമ്പ് 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ ഇനിയും റേഷന്‍കാര്‍ഡുകള്‍ റേഷന്‍കട/അക്ഷയ കേന്ദ്രം വഴി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാത്ത  റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കായി നാളെ (സപ്തംബര്‍ 25) മുതല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ നടത്തും. റേഷന്‍കാര്‍ഡ്, അംഗങ്ങളുടെ ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് തീയ്യതി, പഞ്ചായത്ത് ക്രമത്തില്‍, സപ്തംബര്‍ 25ന് നന്‍മണ്ട, കുരുവട്ടൂര്‍, മാവൂര്‍, കുന്ദമംഗലം, 26 ന് ഫറോക്ക്, കാക്കൂര്‍, കക്കോടി, പെരുവയല്‍, 27ന് ചാത്തമംഗലം, രാമനാട്ടുകര, തലക്കുളത്തൂര്‍, ചേളന്നൂര്‍, 28 ന് ഒളവണ്ണ, മടവൂര്‍, കടലുണ്ടി, പെരുമണ്ണ, 30 ന് മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി.

പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി 

 

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി കലക്ടര്‍ മേഘശ്രീ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.എം അബ്ദു റഹ്മാന്‍, ബീച്ച് ഗെയിംസ് സംസ്ഥാന സംഘാടകസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവര്‍ സമീപം.

 

 

ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്

 

ആറു വയസ്സുകാരി  മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട്  കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍. ജില്ലയിലെയും മറ്റു ജില്ലകളിലെയും രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ചികിത്സയും താമസവും ഒരുക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ശിശു സംരക്ഷണ കേന്ദ്രം. മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തണലില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന ഒന്‍പത് കുട്ടികളാണുള്ളത്. ഇവര്‍ക്കായി സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി,  മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ സേവനങ്ങള്‍ ദിവസേന തുടര്‍ന്ന് വരുന്നു. മെഡിക്കല്‍ കോളേജിനടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നും സ്ഥിരമായി ചികിത്സ ആവശ്യമുള്ള  കുട്ടികളെയും ഇവിടേക്ക് അയക്കുന്നുണ്ട്. ഏഴ് വയസ്സുകാരി മാല മാത്രമാണ് ഇവിടെ നിന്ന് സ്‌കൂളില്‍ പോകുന്നത്.

 കഴിഞ്ഞ വര്‍ഷം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ് ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സെറിബ്രല്‍ പാള്‍സി,  ഡൗണ്‍സിന്‍ഡ്രോം, മൈക്രോസഫാലി ഹൈഡ്രോ സഫലിയസ്, സീഷ്യുര്‍ തുടങ്ങിയ അസുഖങ്ങളുള്ള കുട്ടികളാണിവിടെ താമസിക്കുന്നത്. സാധാരണയായി ആറ് വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ ഏറ്റെടുക്കുന്നത്. ചിരിയൊച്ചയോടെ മുട്ടിലിഴഞ്ഞെത്തുന്ന ഒരു വയസ്സുകാരന്‍ ഉണ്ണിയടക്കം ഒന്‍പത് വയസ്സുവരെ ഉള്ള കുട്ടികളാണിവിടെ സ്വന്തം വീട്ടിലെ അതെ പരിചരണം കിട്ടി വളരുന്നത്. അവര്‍ക്കാവശ്യമായ ശ്രദ്ധ നല്‍കാന്‍ എട്ട് ആയമാരും രണ്ടു സെക്യൂരിറ്റി സ്റ്റാഫും രണ്ട് നഴ്സുമാരും അടക്കം 12 പേരാണ് കുട്ടികളെ പരിചരിക്കാന്‍ ഇവിടെയുള്ളത്. ഇവര്‍ക്കുള്ള ശമ്പളവും കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള ഫണ്ട് സംസ്ഥാന ശിശുക്ഷേമ സമിതിയാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് പുറമേ ഇംഹാന്‍സ്, സി.ആര്‍.സി  തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനവും കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് .   ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ചെയര്‍മാനായുള്ള സംഘം ശിശുപരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. വിവിധ  സ്ഥാപനങ്ങളും ഏജന്‍സികളും നല്‍കിവരുന്ന സഹായങ്ങള്‍ കൂടിയാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നില്‍. സ്ഥാപനത്തിലേക്കാവശ്യമായ വീട്ടുപകരണങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സഹകരണ ബാങ്കുകള്‍, ട്രേഡ് യൂണിയനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ അധ്യാപകര്‍, വിവിധ വാട്സപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി സുമനസ്സുകളുടെ സംഭാവനയാണ്. ഉറ്റവര്‍ പോലും മറന്നുപോയ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ പോലും ഇവിടെ ഇവര്‍ക്ക് ഒരുമിച്ചുള്ള ആഘോഷങ്ങളാണ്. വാടക കെട്ടിടത്തിലാണ് ശിശുപരിപാലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്വന്തമായൊരു വാഹനവും കൂടുതല്‍ തൊട്ടിലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് താങ്ങാവാന്‍ ഈ സ്ഥാപനത്തിന് കഴിയും.

 

ആധാര്‍ ലിങ്കിംഗ് ക്യാമ്പ് 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ ഇനിയും റേഷന്‍കാര്‍ഡുകള്‍ റേഷന്‍കട/അക്ഷയ കേന്ദ്രം വഴി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാത്ത  റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കായി നാളെ (സപ്തംബര്‍ 25) മുതല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ നടത്തും. റേഷന്‍കാര്‍ഡ്, അംഗങ്ങളുടെ ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് തീയ്യതി, പഞ്ചായത്ത് ക്രമത്തില്‍, സപ്തംബര്‍ 25ന് നന്‍മണ്ട, കുരുവട്ടൂര്‍, മാവൂര്‍, കുന്ദമംഗലം, 26 ന് ഫറോക്ക്, കാക്കൂര്‍, കക്കോടി, പെരുവയല്‍, 27ന് ചാത്തമംഗലം, രാമനാട്ടുകര, തലക്കുളത്തൂര്‍, ചേളന്നൂര്‍, 28 ന് ഒളവണ്ണ, മടവൂര്‍, കടലുണ്ടി, പെരുമണ്ണ, 30 ന് മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി.

 

 റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്ക് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ക്യാമ്പ്

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 25 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ ബേപ്പൂര്‍ വില്ലേജ്- ബേപ്പൂര്‍ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാള്‍,  സെപ്റ്റംബര്‍ 26ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചെറുവണ്ണൂര്‍-നല്ലളം മോഡേണ്‍ ബസാര്‍ നഗരസഭ മേഖല കാര്യാലയം. കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാര്‍ഡ് നമ്പര്‍ 27) സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)  കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് സ്ഥലങ്ങളില്‍ ഹാജരാകണം.

date