Skip to main content

വികസനത്തിന്റെ പെരിഞ്ഞനം 'ടച്ച്'

വികസനത്തിന്റെ പെരിഞ്ഞനം 'ടച്ച്' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേളയിൽ പ്രകീർത്തിച്ചതാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ വികസന മാതൃക. പൂർത്തീകരിച്ച എട്ടു പദ്ധതികളും നിർമ്മാണം ആരംഭിക്കുന്ന നാല് പദ്ധതികളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ 246 വീടുകളുടെ മേൽക്കൂരകളിൽ 2000 സൗരോർജ പാനലുകൾ സ്ഥാപിച്ചുകൊണ്ടുള്ള പെരിഞ്ഞനോർജ്ജം പദ്ധതിയിലൂടെ 500 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്തായി പെരിഞ്ഞനം മാറി. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ഇ.സി.ഐ) ഒരു കിലോ വാട്ടിന് 19500 രൂപ സബ്സിഡി ഉപഭോക്താക്കൾക്ക് നൽകിയാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 2500 യൂനിറ്റ് വൈദ്യുതി പ്രതിദിനം കെ.എസ്.ഇ.ബിയിലേക്ക് ഗ്രിഡ് ചെയ്യുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതിന്റെ തുടർച്ചയാണ് സോളാർ എൽ.ഇ.ഡി തെരുവ് വിളക്ക് പദ്ധതി. ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ 9.5 കിലോ വാട്ട് സോളാർ നിലയം സ്ഥാപിച്ച് വൈദ്യതി ഉൽപാദനം ആരംഭിച്ചുകഴിഞ്ഞു. തെരുവുവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന് ആവശ്യമായ വൈദ്യുതി ഇതിലൂടെ ലഭിക്കും.
കേന്ദ്രസർക്കാറിന്റെ സ്വച്ഛ്ഭാരത് മിഷൻ വഴി ഗ്രാമീണപ്രദേശങ്ങളിലെ ഖരദ്രവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള പദ്ധതിയാണ് ഗോബർദ്ധൻ പദ്ധതി. ഇതിനായി പഞ്ചായത്തിലെ 14ാം വാർഡിലെ ഷ്രെഡിംഗ് യൂനിറ്റിന് സമീപമാണ് ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നത്. പ്ലാൻറിൽനിന്ന് ലഭിക്കുന്ന ബയോഗ്യാസ് 320 കിലോ മീറ്റർ അകലെ മന്ദാരം കോളനിയിലെ 20 നിർധന കുടുംബങ്ങൾക്ക് പാചക ആവശ്യത്തിന് ലഭ്യമാക്കും.
ക്ലീൻ പെരിഞ്ഞനം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണപദ്ധതിയുടെ വിപുലീകരണം, ബയോഫാർമസി, കിത്ത് ആന്റ് കിൻ കുടുംബശ്രീ ബ്രാൻഡ്, കുടുംബശ്രീ കോമൺ ഫെസിലിറ്റി സെന്റർ, ഒരുമ എസ്.സി. കോളനി സമഗ്രപദ്ധതി, പതിനാലാം വാർഡിൽ നിർമ്മിച്ചിട്ടുള്ള പുതിയ മാതൃകാഅംഗൻവാടി കെട്ടിടം എന്നിങ്ങനെ 8 പദ്ധതികളാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഏറ്റവുമധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ട പഞ്ചായത്താായി പെരിഞ്ഞനം. ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷനുകൾ, നവകേരളനിർമ്മിതി എന്നിവയുടെ ഭാഗമായുള്ളതാണ് പദ്ധതികൾ.
ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് ക്ലീൻ പെരിഞ്ഞനം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണപദ്ധതി. കിത്ത് ആന്റ് കിൻ എന്ന ബ്രാന്റിൽ പെരിഞ്ഞനത്തെ കുടുംബശ്രീ ഉത്പന്നങ്ങളെ ഒന്നാക്കുന്ന പദ്ധതി ശ്രദ്ധേയമാണ്. ഹരിതകർമ്മാംഗങ്ങളുടെ കീഴിൽ ജൈവവളവും ജൈവകീടനാശിനിയും നിർമ്മിച്ച് വിപണനം ചെയ്യുന്ന പദ്ധതിയാണ് ബയോഫാർമസി. മത്സ്യത്തൊഴിലാളി വികസനത്തിനായി മിനിഫിഷ്‌ലാന്റിങ്ങ് സെന്റർ, വല അറ്റകുറ്റപ്പണി ചെയ്യുന്ന ഹാൾ, പകൽവീട്, മത്സ്യവിപണനം, മത്സ്യസംസ്‌കരണം, മത്സ്യവിഭവങ്ങളുടെ ഉത്പാദനവും വിപണനവും എന്നിവയുൾപ്പെടുന്നതാണ് പെരിഞ്ഞനം ആറാട്ടുകടവ് സമഗ്രപദ്ധതി.
ഇതോടൊപ്പം പ്രളയബാധിതരായ ഭൂരഹിത-ഭവനരഹിതർക്ക് റോട്ടറി ക്ലബ്ബ് ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന 18 വീടുകളുടെ കരാർ കൈമാറ്റം, മതിലകത്തുവീട്ടിൽ മുഹമ്മദ് എന്ന പ്രവാസി മലയാളി പ്രളയബാധിതരായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന അഞ്ചു വീടുകളുടെ നിർമ്മാണോദ്ഘാടനം, ആറാം വാർഡിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം എന്നിവയാണ് തുടങ്ങുന്ന പദ്ധതികൾ. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാനമേള, ബയോ ഫാർമസി, കുടുംബശ്രീ കിത്ത് ആൻഡ് കീൻ, വിവിധ കുടുംബശ്രീകൾ എന്നിവ വഴി ലഭ്യമാകുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തി.

date