Skip to main content

നാടിന് ഉത്സവമായി കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക സമർപ്പണം

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമായ കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി. രണ്ട് തവണ ഭരണസമിതികൾ രൂപീകരിക്കുകയും പലകാരണങ്ങളാൽ സമിതികൾ രാജിവെക്കുകയും ചെയ്തതോടെ വലപ്പാടിന്റെ സ്വന്തവും കേരളത്തിന്റെ പ്രിയകവിയുമായ കുഞ്ഞുണ്ണി മാസ്റ്ററിനു സ്മാരകം എന്ന ആശയം അനിശ്ചിതത്വത്തിലായി, ഗാന്ധി തീരം ഫൌണ്ടേഷൻ പ്രവർത്തകർ കർമസമിതി രൂപീകരിച്ചതോടെ എംഎൽഎ ഗീത ഗോപി സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി എംഎൽഎ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിൽ സ്മാരക നിർമ്മാണ്ത്തിനു അനുമതി ലഭിച്ചു. കവിയുടെ തറവാടായ അതിയാരത്തു വീട്ടുവളപ്പിൽ വീട്ടുകാർ നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് 2000 ചതുരശ്ര മീറ്ററിൽ സ്മാരകം പണിതത്. സർക്കാരിന്റെ 25 ലക്ഷവും പഞ്ചായത്തു വിഹിതമായ 13 ലക്ഷവും എംഎൽഎ യുടെ വികസന ഫണ്ടിൽനിന്ന് 4 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയായത്. സ്മാരക നിലയത്തിലെ ലൈബ്രറിയിലേക്ക് വലപ്പാട് ഉപജില്ലയിലെ വിവിധ സ്‌കൂളിലെ കുട്ടികൾ പുസ്തകങ്ങൾ നൽകി. തളിക്കുളം ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമാകുന്ന് രീതിയിൽ ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ ആദ്യ ബാലസാഹിത്യ ഗവേഷണ ലൈബ്രറിയാക്കി കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക ലൈബ്രറിയെ മാറ്റുന്നതിന് എം എൽ എ യുടെ പ്രത്യേക പരിഗണനയിൽ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.സാംസ്‌കാരിക സദസ്സുകൾ സംഘടിപ്പിക്കുന്നതിനായി വിശാലമായ വേദിയാണ് സ്മാരക നിലയത്തിൽ ഒരുക്കിയിട്ടുണ്ട് കെട്ടിടം നീർത്തടഭൂമിയിലായതിനാൽ എം എൽ എ നിയമസഭയിൽ സബ്മിഷന് വെക്കുകയും വിവാദമൊഴിവാക്കാനായി സ്മാരകത്തിന് താഴെ ഭാഗം താമരക്കുളമായി സംരക്ഷിക്കുകയും ചെയ്തു. നാടിന്റെ ആഘോഷത്തിന് മാറ്റുകൂട്ടുവാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായി എത്തിയത് മഹാകവിയോടുള്ള സർക്കാരിന്റെ ആദരവായി., കുഞ്ഞുണ്ണി മാസ്റ്റർ പഠിച്ച വലപ്പാട് ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ നൂറുകണക്കിന് ഹൈഡ്രജൻ ബലൂണുകൾ വാനിലേക്കുയർത്തി മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമർപ്പിച്ചു.
 

date