Skip to main content
ഇന്ന് വട്ടവടയില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന കാര്‍ഷിക സമുച്ചയം

വട്ടവടയില്‍ കാര്‍ഷിക സമുച്ചയവും ജലസേചന പദ്ധതികളും ഉദ്ഘാടനം ഇന്ന് (24.9.19)

കാര്‍ഷിക വികസന ക്ഷേമവകുപ്പ് , മണ്ണ് പര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തില്‍ വട്ടവടയില്‍ നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ഉത്ഘാടനം, വട്ടവട ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തിയായ 12 ജലസേചന പദ്ധതികളുടെ ഉദ്ഘാടനം, പദ്ധതി നടപ്പിലാക്കിയ വകുപ്പുകളെ ആദരിക്കല്‍, വെളുത്തുള്ളി ഇനങ്ങളുടെ പങ്കാളിത്ത ഗവേഷണ ഫലപ്രഖ്യാപനം എന്നിവ ഇന്ന് (24.9) രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. വെളുത്തുള്ളി മേള, വിളകളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്്. കാര്‍ഷിക സമുച്ചയത്തിന് 2.6 കോടിയും ജലസേചന പദ്ധതികള്‍ക്ക് 4.45 കോടി രൂപയുമാണ് മുതല്‍ മുടക്കെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബാബു ടി ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) കെ സുലൈഖ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വട്ടവട, കാന്തല്ലൂര്‍ മേഖലയുടെ സ്വന്തം വെളുത്തുള്ളിയായ മലപ്പൂണ്ടിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന് നടത്തി വരുകയാണ്. ഏറെ ഗുണമേന്‍മയുള്ള ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ വെളുത്തുള്ളി ഇനത്തിന് കിലോ 300 രൂപ വരെ വില വരുന്നതാണ്. മലപ്പുണ്ട് വെളുത്തുളളിയുടെ പ്രത്യേകത ജനങ്ങളിലേക്ക് എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
വട്ടവട ഊര്‍ക്കാട് കാര്‍ഷിക വിപണന സമുച്ചയത്തില്‍ ചേരുന്ന യോഗത്തില്‍ എസ്.രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരിക്കും.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എം ഡി ജെ.ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീകരണം നടത്തും.കാര്‍ഷിക സര്‍വകലാശാല ഗവേഷണപദ്ധതി വിശദീകരണം ഡോ.പി. ഇന്ദിരാദേവി നിര്‍വഹിക്കും.
യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണവും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍. ചന്ദ്രബാബു, കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രത്യേക പ്രഭാഷണവും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.ശീതകാല കൃഷി മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച സെമിനാര്‍ ഡോ.ജലജ എസ്.മേനോന്‍ നയിക്കും.

 

date