Skip to main content

വീട് വീടാന്തരമുള്ള പ്ലാസ്റ്റിക് സംഭരണവും ആരംഭിച്ചു അടിമാലിയില്‍ ഇനി പ്ലാസ്റ്റിക്ക് കത്തിച്ചാല്‍ ഇനി കര്‍ശന നടപടി

അടിമാലി ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരമുള്ള അജൈവ വസ്തുക്കളുടെ ശേഖരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാസത്തില്‍ ഒരിക്കല്‍ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാത്തരം പ്ലാസ്റ്റിക്കും ശേഖരിക്കും. കൂടാതെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മറ്റ് അജൈവ വസ്തുക്കളായ കുപ്പി, ചില്ല്, ട്രൂബ്, ബാഗ്, ചെരുപ്പ്, ഇലക്‌ട്രോണിക് വേസ്റ്റുകള്‍ തുടങ്ങിയവയും പ്രത്യേകം അറിയിപ്പ് നല്‍കി ശേഖരിക്കും. ഇതിന്റെ ഭാഗമായി രണ്ട് വീതം ചാക്കുകളും ളഘുലേഖയും എല്ലാ വീടുകളിലും കുടുംബശ്രീ അംഗങ്ങളുടെയും ഹരിത കര്‍മ്മസേന അംഗങ്ങളുടെയും നേതൃത്വത്തില്‍ വിതരണം നടത്തി വരുന്നു. പ്ലാസ്റ്റിക്കുകള്‍ അഴുക്ക്, ചെളി എന്നിവ ഇല്ലാതെ വൃത്തിയാക്കി നല്‍കണം. ഇവ ശേഖരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ക്കായി മാസം 20 രൂപ ഓരോ കുടുംബത്തില്‍ നിന്നും ശേഖരിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്ലാസ്റ്റിക് ശേഖരിക്കും. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ ഇവ എത്തിച്ച് സംസ്‌കരിച്ച്  റോഡ് ടാറിംഗിനും പി വി സി ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതിനുമായി വില്‍പ്പന നടത്തി വരുന്നു. ശേഖരിക്കുന്ന മറ്റ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് കൈമാറും.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ മാതൃകാ പ്രവര്‍ത്തനം നടത്തി പരമാവധി ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ശുചിത്വ ലക്ഷ്യം നേടുന്നതിന് അടിമാലി ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് വീട് വീടാന്തരമുള്ള പ്ലാസ്റ്റിക് സംഭരണവും പഞ്ചായത്ത് ആരംഭിച്ചത്. കൂടാതെ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി മലിന ജല ടാങ്കും (സോക്പിറ്റ്) വളക്കുഴിയും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിച്ച് വരുന്നു. വീടുകള്‍ക്ക് നല്‍കുന്നതിനുള്ള 40 ലക്ഷം രൂപയുടെ ബയോഗ്യാസ് പദ്ധതിയും അടിമാലി മാര്‍ക്കറ്റില്‍ മത്സ്യ മാംസ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റും ഉടന്‍ നടപ്പിലാകും. അടിമാലി ബസ് സ്റ്റാന്റിലെ കംഫര്‍ട് സ്റ്റേഷനില്‍ എസ് റ്റി പി പ്ലാന്റും അടുത്ത മാസം സജ്ജമാകും. കൂടുതല്‍ സ്ഥലങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റും സ്‌കൂളുകളുള്‍പ്പടെയുള്ള പൊതു സ്ഥാപനങ്ങള്‍ വഴിയുള്ള പ്ലാസ്റ്റിക് ശേഖരണം തുടരും.
മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പ്ലാസ്റ്റിക് ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്തിയിട്ടും അവയോട് സഹകരിക്കാതെ പ്ലാസ്റ്റിക് പൊതു സ്ഥലത്ത് വലിച്ചെറിയുകയോ വീടിന്റെയോ സ്ഥാപനത്തിന്റെയൊ പരിസരത്ത് കത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ ആക്ടിലെയും മറ്റ് നിയമങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണന്ന് പ്രസിഡന്റ് ദീപ രാജീവ് സെക്രട്ടറി കെ എന്‍ സഹജന്‍ എന്നിവര്‍ അറിയിച്ചു.
 

date