Skip to main content

ലൈഫ് മിഷന്‍: ഭരണാനുമതിയായ മേഖലകളില്‍ ഫ്ളാറ്റുകളും ഭവനങ്ങളും പണിയാന്‍ അടിയന്തര നടപടിയ്ക്ക് തീരുമാനം

    ലൈഫ് പദ്ധതിപ്രകാരം ജില്ലയില്‍ ഏറ്റെടുത്ത് ഭരണാനുമതി ലഭിച്ച ഭൂമികളില്‍ ഫ്ളാറ്റുകളും ഭവനങ്ങളും നിര്‍മ്മിക്കാനാവശ്യമായ അടിയന്തര നടപടികള്‍ക്ക് തീരുമാനം. പെരിന്തല്‍മണ്ണ നഗരസഭയില്‍ 400 കുടുംബങ്ങള്‍ക്കായി ഭവനസമുച്ചയ നിര്‍മ്മാണം ആരംഭിച്ചതുപോലെ ഭരണാനുമതി ലഭിച്ച തിരൂര്‍, പൊന്നാനി നഗരസഭകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും പാണ്ടിക്കാട് പഞ്ചായത്തിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുടങ്ങാനാണ് നിര്‍ദേശം. ലൈഫ് പദ്ധതി നടപ്പാക്കുന്നതിനായി എടപ്പാള്‍, ആതവനാട്, വാഴയൂര്‍, എടയൂര്‍, അമരമ്പലം മേഖലകളിലുള്ള പൊതുസ്ഥലങ്ങള്‍ ലഭ്യമാക്കി ഭരണാനുമതി നേടിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും നവകേരള മിഷന്‍ കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും സര്‍ക്കാര്‍ ഉപദേഷ്ടാവുമായ ചെറിയാന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ കര്‍മ്മസമിതി യോഗത്തില്‍ തീരുമാനമായി. 
   ആതവനാട് പഞ്ചായത്തിലെയും എടപ്പാളിലെയും സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാഴയൂരിലെ നാലേക്കര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ വിവരങ്ങളും ലൈഫ് സ്റ്റേറ്റ് മിഷനിലേക്ക് കൈമാറിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി സ്റ്റേറ്റ് മിഷനെയും സാങ്കേതിക പ്രശ്നപരിഹാരത്തിനായി മന്ത്രിമാരെയും സമീപിക്കും. ജില്ലയില്‍ ഭവന നിര്‍മ്മാണത്തിനായുള്ള ബാക്കി ഫണ്ടിനായി സര്‍ക്കാറിനെ സമീപിക്കുന്നതിനൊപ്പം പ്രളയബാധിത ജില്ലയായതിനാല്‍ മലപ്പുറത്ത് ലൈഫ് മിഷന്‍ സര്‍വ്വെയ്ക്ക് സമയം നീട്ടിനല്‍കാനും അഭ്യര്‍ത്ഥിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
    ജില്ലയില്‍ ലൈഫ് ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 97ശതമാനം ഭവനങ്ങളാണ് പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച 2789 ഭവനങ്ങളുണ്ടായിരുന്നതില്‍ 2718 എണ്ണവും വാസയോഗ്യമാക്കി. ഇത്രയും വീടുകളില്‍ അര്‍ഹരായ കുടുംബങ്ങള്‍ താമസവും തുടങ്ങി. രണ്ടാം ഘട്ടത്തില്‍ 70 ശതമാനമാണ് പദ്ധതി പൂര്‍ത്തീകരണം. 
5736 വീടുകളില്‍ 3998 വീടുകള്‍ പൂര്‍ത്തീകരിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീടുവെയ്ക്കാന്‍ നാല് ലക്ഷം രൂപ ധനസഹായമായി നല്‍കിയതിന് പുറമെ കുറഞ്ഞ വിലയില്‍ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. മൂന്നാംഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുടെ പുനരധിവാസത്തിനാവശ്യമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനായുള്ള രേഖകളുടെ പരിശോധന തുടരുകയാണ്. മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ പദ്ധതി നടത്തിപ്പിനായി 32 സ്ഥലങ്ങളില്‍ ഭൂമി കണ്ടെത്തിയതില്‍ അഞ്ചിടങ്ങളിലാണ് ഭരണാനുമതി ലഭിച്ചത്. പെരിന്തല്‍മണ്ണയില്‍ ഇത്തരത്തിലാണ് ഭവനസമുച്ചയ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തില്‍ ജില്ലയില്‍ കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അവലോകനയോഗം ചേര്‍ന്നത്. 
  ജില്ലാപ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറും ടാസ്‌ക് ഫോഴ്സ് ചെയര്‍മാനുമായ ജാഫര്‍ മലിക് അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പിന് പുറമെ എം.എല്‍.എ.മാരായ വി.അബ്ദുറഹ്മാന്‍, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സ്റ്റേറ്റ്  മിഷന്‍ പ്രോഗ്രാം മാനേജര്‍ യു.എസ് രാഹുല്‍, ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍മ്മസമിതി അംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പോളിടെക്നിക്-ഐടി ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date