Skip to main content

ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസത്തിന് ജനകീയ ഇടപെടല്‍ ഉണ്ടാകണം: ചെറിയാന്‍ ഫിലിപ്പ്

     ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് മുഖ്യലക്ഷ്യമെന്നും ഇതിനായി ജനകീയ ഇടപെടലുകള്‍ ഉണ്ടാകണമെന്നും നവകേരളമിഷന്‍ കര്‍മ്മപദ്ധതി കോര്‍ഡിനേറ്ററും സര്‍ക്കാര്‍ ഉപദേഷ്ടാവുമായ ചെറിയാന്‍ ഫിലിപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയാല്‍ ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതരെ സഹായിക്കാന്‍ വളരെ വേഗത്തില്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
      ഭവന-ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് പ്രധാനലക്ഷ്യം. ഇതിനായി സര്‍്ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ വ്യക്തികളുടെ കൂടി പിന്തുണ നേടിയെടുക്കാനാകണം. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് ഭവനസമുച്ചയങ്ങള്‍ പണിയുന്നതിനായി ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയും സ്വന്തമായി ഭൂമിയില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സഹകരണത്തോടെ മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി നേടിയെടുക്കുന്നതിനും പരിശ്രമിക്കണം. കണ്ടെത്തുന്ന ഭൂമി സംബന്ധിച്ച് വ്യക്തമായ ധാരണ ജനപ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ഭൂമി ഉപയോഗിക്കുന്നതില്‍ തടസ്സങ്ങളുണ്ടെങ്കില്‍ കലക്ടര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ച് പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇതിനായി മുന്‍കൈയ്യെടുക്കണം. ഭൂമി കണ്ടെത്തുന്ന കാര്യത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. 
    ലൈഫ് പദ്ധതിയില്‍ നിന്ന് സൂക്ഷമ പരിശോധനയിലൂടെ അനര്‍ഹരെ ഒഴിവാക്കുമെന്നും അര്‍ഹരായവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രീ ഫാബ്രിക്കേഷന്‍ സംവിധാനമാണ് ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണത്തിന് പരിഗണിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രളയം തടസ്സമായിട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 
    ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വയറിങ്, പ്ലംബിങ് സാമഗ്രികളും, സിമന്റും ലഭ്യമാക്കുന്നതിന് വിതരണക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്നും, വാസഗൃഹങ്ങളുടെ തറവിസ്തൃതി പരിധി കുറഞ്ഞത് 40 ാ2  ആണെന്നും അതില്‍ കൂടുതല്‍ വിസ്തൃതിയില്‍ പണി പൂര്‍ത്തീകരിച്ചാലും ലൈഫ് പദ്ധതിയുടെ സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.  കൂടാതെ എസ്.സി / എസ്.ടി / ഫിഷറീസ് ഗുണഭോക്താക്കള്‍ക്ക് ഒരു റേഷന്‍കാര്‍ഡിന് ഒരു വീട്, 25 സെന്റില്‍ കൂടുതല്‍ സ്ഥലമുണ്ടെന്ന മാനദണ്ഡവും  ഒഴിവാക്കിയിട്ടുണെന്നും യോഗത്തില്‍  ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.
 

date