Skip to main content

ഞാറു നടീല്‍ ഉത്സവം നടത്തി

    ആറ് വര്‍ഷത്തോളം തരിശ് നിലമായി കിടന്ന കോട്ടക്കല്‍ മരവട്ടം പാടശേഖരത്തില്‍ വിത്തുപാകി. കര്‍ഷകരും കര്‍ഷകതൊഴിലാളികളും അത്യാഹ്ലാദത്തോടെയാണ് വിത്തിറക്കല്‍ ആഘോഷിച്ചത്. മരവട്ടം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 30 ഏക്കറുള്ള മരവട്ടം പാടത്ത് കൃഷിയിറക്കിയത്.  കോട്ടക്കല്‍ നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ്  കൃഷിയിറക്കിയത്.
    ജലക്ഷാമമാണ് ആളുകളെ കൃഷിയില്‍ നിന്ന് അകറ്റിയത്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ വയലിനോട് ചേര്‍ന്ന് ചെറിയ തോട് നിര്‍മിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചെങ്കിലും ചിലയിടങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ പദ്ധതി നിര്‍ത്തി വെക്കുകയായിരുന്നു. പിന്നീട് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നല്‍കിയ നിവേദനങ്ങളെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണാനുമതി ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയായതോടെ ഈ വര്‍ഷം മുതല്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
   പാടശേഖരത്തില്‍ നടന്ന ഞാറു നടീല്‍ ഉത്സവം പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. മരവട്ടം പ്രദേശത്തെ പഴയ കാല കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ടി.വി സുലൈഖാബി, പരവക്കല്‍ ഉസ്മാന്‍കുട്ടി, നഗരസഭാംഗങ്ങളായ ടി.പി സുബൈര്‍, ആയിശ ഉമ്മര്‍, മങ്ങാടന്‍ അബ്ദു, പുളിക്കല്‍ കോയാപ്പു, കൃഷി ഓഫീസര്‍ അരുണ്‍ കുമാര്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date