Skip to main content

രാഷ്ട്രപതി നവംബര്‍ 25ന് നാവിക അക്കാദമിയില്‍; തയ്യാറെടുപ്പുകള്‍ക്കായി യോഗം ചേര്‍ന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. നവംബര്‍ 25ന് ഏഴിമല നാവിക അക്കാദമിയില്‍ പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി കണ്ണൂരില്‍ എത്തുന്നത്. മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമോ റോഡ് വഴിയോ ആയിരിക്കും രാഷ്ട്രപതി നാവിക അക്കാദമിയിലേക്ക് പോകുക. പരേഡ് സംബന്ധിച്ച കാര്യങ്ങള്‍ നാവിക അക്കാദമി കമാണ്ടര്‍ അഭിഷേക് പ്രസാദ് യോഗത്തില്‍ വിശദീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് നാവിക അക്കാദമിയിലേക്കുള്ള റോഡ് നവംബര്‍ 15നകം ആവശ്യമായ അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പിനും ദേശീയ പാത വിഭാഗത്തിനും കലക്ടര്‍ നിര്‍ദേശം നല്‍കി. നവംബര്‍ 15ന് ട്രയല്‍ യാത്ര നടത്തും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല നാവിക അക്കാദമിക്കും പൊലീസിനുമാണ്.
യോഗത്തില്‍ നാവിക അക്കാദമി കമാണ്ടര്‍ അഭിഷേക് പ്രസാദ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, എഡിഎം ഇ പി മേഴ്‌സി, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, സിഐഎസ്എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ആനന്ദ് കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date