സഹാനുഭൂതിയല്ല മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് വയോജനങ്ങള്‍ക്കാവശ്യം -മന്ത്രി ടി പി രാമകൃഷ്ണന്‍
സഹാനുഭൂതിയല്ല മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് വയോജനങ്ങള്‍ക്കാവശ്യമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അണുകുടുംബങ്ങളുടെ വര്‍ധന, ജീവിത സാഹചര്യങ്ങളിലെ മാറ്റം, തൊഴില്‍ രീതികള്‍ തുടങ്ങിയവ കാരണം വയോജനങ്ങളെ അവഗണിക്കുന്ന പ്രവണത ഏറിവരികയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയോജനങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണ്. ഇന്ന് വാര്‍ധക്യത്തിലെത്തിയിരിക്കുന്നവരുടെ സംഭാവനകളുടെയും പോരാട്ടത്തിന്റെയും ശ്രമഫലമാണ് നാമിന്ന് അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളെന്ന കാര്യം നാം മറന്നു പോവരുതെന്നും പുതുതലമുറയെ നാം ഈ കാര്യം ഓര്‍മപ്പെടുത്തണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
കലാസാംസ്‌കാരിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിക്രമന്‍ നായര്‍, കുട്ട്യേടത്തി വിലാസിനി, മാധവന്‍കുന്നത്ത്, ടി ദേവി, കരുണന്‍ നായര്‍, എം എ റഹ്മാന്‍, വിന്‍സന്റ് സാമുവല്‍, മോഹനന്‍ പുത്തഞ്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് സംസ്ഥാനത്തുടനീളം വയോജനദിനമാഘോഷിക്കുന്നത്.
പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ നിയമവും വയോജനനയവും എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രബോഷന്‍ ഓഫീസര്‍ കെ ടി അഷ്റഫ് ക്ലാസെടുത്തു. എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല്‍, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടിവി ലളിതപ്രഭ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ മെമ്പര്‍ ടി ദേവി, വി എന്‍ എം നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും വയോമിത്രം പദ്ധതി വ്യാപിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും 2021 ഓടെ വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ലോക വയോജന ദിനത്തോടനുബന്ധിച്ച് നടന്ന വയോജന ദിനാഘോഷവും വയോജനോത്സവവും ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന 70 പകല്‍ വീടുകള്‍ ആദ്യഘട്ടത്തില്‍ സായംപ്രഭ ഹോമുകളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. അവഗണിക്കപ്പെട്ട് അനാഥരായും വിശന്നും കഴിയുവന്നവര്‍ ഇനി കേരളത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തലാണ് ഇത്തരം ദിനാചരണങ്ങളുടെ ലക്ഷ്യം. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ട് മാത്രമേ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും 55 ലക്ഷത്തോളം വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയോമിത്രം വഴി വയോജനങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ ആദരവും സ്ഥാനവും വളര്‍ത്തിയെടുക്കാന്‍ വയോമിത്രം വഴി സാധിച്ചു. സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം.
കേരള സാമൂഹ്യമിഷന്‍ വയോമിത്രം, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വസന്തം 2019 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ മുതിര്‍ന്ന പൗരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ കലാപരിപാടികളും വേദിയിലെത്തി. ഒപ്പന, തിരുവാതിര, സംഘനൃത്തം, കിച്ചണ്‍ ഓര്‍കസ്ട്ര, ആദിവാസി നൃത്തം, സ്‌കിറ്റ് എന്നീ കലാപരിപാടികളാണ് വയോജനങ്ങള്‍ വേദിയിലെത്തിച്ചത്.
ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കാര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ പി. സി രാജന്‍, അനിത രാജന്‍, കെ. വി ബാബുരാജ്, ടി. വി ലളിത പ്രഭ, എം. സി അനില്‍കുമാര്‍, ആശ ശശാങ്കന്‍, എം.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ജയശ്രീ കീര്‍ത്തി, എന്‍. പി പത്മനാഭന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വയോമിത്രം കോര്‍ഡിനേറ്റര്‍ കെ. സന്ധ്യ, വയോജന അപ്പക്സ് കമ്മിറ്റി പ്രസിഡന്റ് ടി. ദേവി, സാമൂഹ്യ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഷ മേരി ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രായം സംഖ്യ മാത്രമെന്ന് തെളിയിച്ചവര്‍ക്ക് ആദരം
തങ്ങളുടെ കര്‍മ്മ മേഖലയില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് ലോക വയോജന ദിനത്തോടനുബന്ധിച്ച് നടത്തിയ വസന്തം 2019 ന്റെ ആദരം. എരഞ്ഞിപ്പാലത്തെ റോഡുകള്‍ക്ക് നടുവിലൂടെ പൂക്കളുടെ വസന്തം നട്ടുനനച്ച് ഉണ്ടാക്കിയ മാധവേട്ടനും 98 വയസായ സോഷ്യോ വാസുവേട്ടനുമെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനില്‍ നിന്നും ആദരം എറ്റുവാങ്ങി. എരഞ്ഞിപ്പാലത്തെ റോഡിലൂടെ കടന്നു പോവുന്നവര്‍ക്ക് ഇവിടുത്തെ പച്ചപ്പും പൂക്കളും എന്നും കൗതുകമാണ്. മാധവന്‍ എന്ന വ്യക്തിയുടെ ശ്രമഫലമായാണ് അര കിലോമീറ്ററോളം ദൂരത്തില്‍ ചെടികള്‍ വസന്തം തീര്‍ക്കുന്നത്. സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കാധാരമായ സ്വാതന്ത്ര്യ സമരം ഉള്‍പ്പടെയുള്ളവയില്‍ പങ്കാളിയായ വ്യക്തിയാണ് സോഷ്യോ വാസു. സിനിമാ-സീരിയല്‍ മേഖലയില്‍ പ്രശസ്തനായ കോഴിക്കോട് നാരായണന്‍ നായര്‍,സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കര്‍മ്മ നിരതനായ മത്സ്യത്തൊഴിലാളി വലിയത്ത് ഭാസ്‌കരന്‍, ഡോ. ഇന്ദിര, ജൈവ കര്‍ഷകനായ കുഞ്ഞിരാമന്‍, ക്ഷീര കര്‍ഷക യശോദ മാമ്പറ്റ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.
- Log in to post comments