Skip to main content

വയോജന സൗഹൃദമായി കണ്ണൂര്‍ സബ് ട്രഷറി; ഇനി മുതല്‍ ടോക്കണ്‍ സിസ്റ്റം

വയോജനങ്ങള്‍ക്കും ശാരീരികാവശകതള്‍ അനുഭവിക്കുന്നവര്‍ക്കും ആശ്വാസമായി കണ്ണൂര്‍ സബ് ട്രഷറിയിലെ ടെല്ലര്‍ ടോക്കണ്‍ സംവിധാനം. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്. ടെല്ലര്‍ ടോക്കണ്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ ട്രഷറി ഓഫീസര്‍ എം വി ലാല്‍ രാജ് നിര്‍വഹിച്ചു. പെന്‍ഷണറായ കുഞ്ഞമ്പുവിന് ആദ്യ ടോക്കണ്‍ നല്‍കിയായിരുന്നു ഉദ്ഘാടനം. ഇനി മുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനായി ക്യൂവില്‍ നില്‍ക്കുന്നതിന് പകരം കൗണ്ടറില്‍ നിന്ന് ടോക്കണ്‍ കൈപ്പറ്റി കാത്തിരിക്കാം. ഊഴമെത്തുമ്പോള്‍ നമ്പര്‍ അനൗണ്‍സ് ചെയ്യും. ടോക്കണ്‍ നമ്പര്‍ അനൗണ്‍സ് ചെയ്യുന്നതോടൊപ്പം അത് ഡിസ്‌പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടോക്കണ്‍ വിളിക്കുന്നതിനനുസരിച്ച് ബന്ധപ്പെട്ട കൗണ്ടറിലെത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റാം.
ഉദ്ഘാടനച്ചടങ്ങില്‍ സബ് ട്രഷറി ഓഫീസര്‍ വി ഒ രാജീവ് അധ്യക്ഷനായി. പിഡബ്ല്യുഡി ഇലക്ട്രോണിക്‌സ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ആര്‍ സജീവന്‍, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ പി ഹൈമ, ജൂനിയര്‍ സൂപ്രണ്ട് എം കെ സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date