Skip to main content

മന്ത്രി എ.സി. മൊയ്തീന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു  ---    കുടുംബശ്രീ ഈ-നെസ്റ്റ്, സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതികള്‍ക്ക് തുടക്കം

കുടുംബശ്രീ മിഷന്‍റെ ഈ-നെസ്റ്റ്, സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

43 ലക്ഷം കുടുംബശ്രീ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള ഈ-നെസ്റ്റ് പദ്ധതി  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് നടപ്പാക്കുന്ന സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതി വെളിയന്നൂര്‍ പുതുവേലി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ഉദ്ഘാടനം ചെയ്തത്.

മാറുന്ന കാലത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കുടുംബശ്രീയെ പ്രാപ്തമാക്കുന്നതിനായാണ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ കുടുംബങ്ങളുടെയും വിവരശേഖരണം ഭാവി പരിപാടികളുടെ സംഘാടനത്തിനും പദ്ധതി തയ്യാറാക്കലിനും വേഗം പകരും.

       വീട്ടിലും സ്കൂളിലും പൊതു സമൂഹത്തിലും നേരിടുന്ന ചൂഷണങ്ങള്‍ നിശബ്ദം സഹിക്കേണ്ട സാഹചര്യത്തില്‍നിന്ന് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതി ഉപകരിക്കും. കൗണ്‍സലര്‍മാര്‍ ഇല്ലാത്ത സ്കൂളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും.

കുടുംബശ്രീയുടെ രണ്ടു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. കുടുംബശ്രീയോടുള്ള സമൂഹത്തിന്‍റെ സമീപനവും പാടേ മാറിയിരിക്കുന്നു. വൈൈിധ്യമാര്‍ന്ന മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഈ പ്രസ്ഥാനം രാജ്യത്തിന് മാതൃകയാണ്.

      ഉയര്‍ന്ന പലിശയ്ക്ക് വായ്പ നല്‍കുന്ന പുതുതലമുറ ബാങ്കുകള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെ അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കുടുംബശ്രീയുടെ കൈപിടിച്ച് കടക്കെണിയില്‍നിന്നു കരകയറിയവര്‍ വീണ്ടും  ബാധ്യതകളില്‍ അകപ്പെടാതിരിക്കുന്നതിനായാണ് സഹകരണ വകുപ്പുമായി ചേര്‍ന്ന് മുറ്റത്തെ മുല്ല എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഒന്‍പതു ശതമാനം പലിശയ്ക്ക് 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുടുംബശ്രീ കൂട്ടായ്മകള്‍ പരിശ്രമിക്കണം.

      കുടുംബശ്രീ കുടുംബങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ വിജയിക്കാത്തവര്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്‍റെയും സഹകരണത്തോടെ തുല്യതാ പരീക്ഷ നടത്തുന്ന കാര്യവും പരിഗണനയിലാണ്-മന്ത്രി പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ. വി പ്രമോദ് പദ്ധതികള്‍ വിശദീകരിച്ചു.

ഈ-നെസ്റ്റ് ഉദ്ഘാടനച്ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിനാ ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം  മഹേഷ് ചന്ദ്രന്‍, മറ്റു ജനപ്രതിനിധികള്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍. സുരേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

സ്നേഹിത അറ്റ് സ്കൂള്‍ ഉദ്ഘാടനച്ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി പി.സി കുര്യന്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭ നാരായണന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മറ്റു ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  

date