ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ജില്ല ഒരുങ്ങുന്നു
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ശബരിമല ഭക്തരുടെ തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പ് തുടങ്ങി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചര്‍ച്ച ചെയ്തു. ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ എത്തുന്ന പ്രധാന സ്ഥലങ്ങളിലും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും. കുടിവെള്ളം ലഭ്യമാക്കുന്നതിന് കാനന പാതയില്‍ ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ടാങ്കുകളും ടാപ്പുകളും സ്ഥാപിക്കും. ഇലക്ട്രിക് ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീക രിക്കണമെന്നും തെരുവു വിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തീര്‍ത്ഥാടന കാലത്ത് ഹരിതചട്ടപാലനത്തിന് ഹരിതകേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി. നിലവിലുള്ള ടോയ്ലെറ്റുകളുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തും. ഇ-ടോയ്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. എരുമേലിയിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ അഴുക്ക് വെള്ളവും മാലിന്യങ്ങളും സംസ്ക്കരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ പരിശോധിക്കും. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കച്ചവടക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എരുമേലി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സാധനങ്ങള്‍ തുണി സഞ്ചിയില്‍ ലഭ്യമാക്കാന്‍ കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലും ഇടത്താവളങ്ങള്‍ക്കു സമീപമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പാമ്പ് കടിയേക്കുന്നവര്‍ക്കുള്ള മരുന്ന് ഉള്‍പ്പെടെ അടിയന്തിര ചികിത്സക്കുള്ള എല്ലാ വിധ മരുന്നുകളും ജീവനക്കാരുടെ സേവനവും ആംബുലന്‍സ് സൗകര്യവും ഉറപ്പു വരുത്തും.
തീര്‍ത്ഥാടകരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പു വരുത്തുന്നതിന് പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കും. ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധനയും റെയ്ഡുകളും നടത്തും.
ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധന തടയുന്നതിന് വിവിധ വകുപ്പുദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തും. പൊതുവിതരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സാധനങ്ങളുടെ വില നിശ്ചയിച്ച് നല്‍കും. പ്രധാന കേന്ദ്രമായ എരുമേലിയില്‍ വിവിധ ഭാഷകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെയും നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. നിരോധിക്കാത്തവ വില്‍പ്പന നടത്തുന്നതിന് പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാക്കും.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ദേവസ്വം വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments