നെല്ല് സംഭരണം: എജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ
നെല്ല് സംഭരണത്തിൽ കൃഷിക്കാരുടെയും മില്ലുകാരുടെയും ഇടയിൽ എജന്റുമാരായി പ്രവത്തിക്കുന്നവരുടെ ചൂഷണം സർക്കാർ അവസാനിപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ തൃശൂർ-പൊന്നാനി കോൾനില വികസന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ മില്ലുകാർക്ക് കൈമാറുന്ന നെല്ലിന്റെ തൂക്കത്തെ സംബന്ധിച്ചും ജലാംശത്തെ സംബന്ധിച്ചും കർഷകദ്രോഹപരമായ ഇടെപടലാണ് ഈ എജന്റുമാർ നടത്തുന്നത്. ഇത് അനുവദിക്കാനാകില്ല. ഇത് തടയാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തും. കക്ഷി രാഷ്ട്രീയത്തിനധീതമായി ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നെല്ല് സംരഭണ ഘട്ടത്തിൽ സ്വകാര്യ കുത്തക മില്ലുകളുടെ സമീപനവും സമ്മർദവും കൃഷിക്കാർക്ക് അർഹമായ വില ലഭിക്കുന്നതിന് തടസമാകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് സർക്കാർ തന്നെ നേരിട്ട് നെല്ല് സംഭരണത്തിന് വൻകിട മില്ലുകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ ചേലക്കരയിൽ ഇത്തരമൊരു മില്ല് സ്ഥാപിക്കും.
കോൾമേഖലയുടെ വികസനം കൃഷിവകുപ്പിന്റെ പ്രധാന പരിഗണനാ വിഷയമാണ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്താനായി വകുപ്പ് തൃശൂർ-പൊന്നാനി കോൾമേഖലയുമായി ബന്ധപ്പെട്ട് 308 കോടിരൂപയുടെ പ്രോജക്ടാണ് സമർപ്പിച്ചിരിക്കുന്നത്. മേഖലയിൽ കൃഷിചെയ്യുന്ന മുഴുവൻ കർഷകർക്കും വർഷം മുഴുവൻ വരുമാനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വർഷത്തിൽ രണ്ട് പ്രാവശ്യം കൃഷി ഇറക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ്. കോൾവികസന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ശാസ്ത്രീയ കൃഷി രീതികൾ അവലംബിക്കുന്നതിന് പ്രാധാന്യം നൽകും. ഇതുവഴി ഉല്പാദന ക്ഷമത വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 31 നകം 14 കോൾപടവുകളിൽ മോട്ടോർ പമ്പുകൾ സ്ഥാപിക്കും. ഇതിന് പുറമേ 31 എണ്ണം അധികമായും സ്ഥാപിക്കും. ചാലുകൾ ആഴം കൂട്ടുന്നതിനും സ്ലൂയിസുകൾ പുനഃസ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്.കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്കനുസരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി. അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., അനിൽ അക്കര എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, കോൾ വികസന അതോറിറ്റി കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാത്യു ഉമ്മൻ പി, കോൾ കർഷക സംഘം പ്രസിഡണ്ട് കെ.കെ. കൊച്ചുമുഹമ്മദ്, സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments