സിറ്റി റോഡ് വികസനം ദ്രുതഗതിയിലാക്കണമെന്ന് മന്ത്രി
കണ്ണൂര്‍ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വീടും ഭൂമിയും കെട്ടിടങ്ങളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാര പാക്കേജാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമായി 337 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 738 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 11 നഗരറോഡുകളുടെ വികസനത്തിന് പുറമെ, സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍, മേലെ ചൊവ്വ അടിപ്പാത എന്നിവ കൂടി വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയതായി യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്ത പട്ടാളം റോഡ്- പോലിസ് ക്ലബ് ജംഗ്ഷന്‍ റോഡ് വികസനം, ജയില്‍ റോഡ്- എകെജി ഹോസ്പിറ്റല്‍ ജംഗ്ഷന്‍ റോഡ് വികസനം, റിംഗ് റോഡ്-മുനീശ്വരന്‍ കോവില്‍ ജംഗ്ഷന്‍ റോഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏറെ മുന്നോട്ടുപോയ പദ്ധതിയിലെ മറ്റു നാല് റോഡുകളുടെ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. മേലെ ചൊവ്വ അടിപ്പാത, സൗത്ത് ബസാര്‍ ബൈപ്പാസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നിലനില്‍ക്കുന്ന മൂന്ന് റോഡുകളുടെ കാര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലയിലെ ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേകം യോഗം ചേരും.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ജില്ലയിലെ പ്രധാന വികസന പദ്ധതികളിലൊന്നാണെന്നും ഇതിലുള്‍പ്പെട്ട വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പരമാവധി ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയില്‍ റോഡ് വികസനത്തിനുള്ള കൃത്യമായ സമയക്രമം തയ്യാറാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണം. ഓരോ രണ്ടാഴ്ചയിലും സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍, കെഎസ്ഇബി തുടങ്ങിയവയുടെ വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഒന്നിച്ചുനടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) കെ കെ അനില്‍ കുമാര്‍, കണ്ണൂര്‍ കാലത്തിനൊപ്പം പദ്ധതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments