Skip to main content
കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലം എല്‍.എസ്.എസ് - യു.എസ്. എസ് ജേതാക്കള്‍ക്കുള്ള അനുമോദനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി: എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു

വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനവും അംഗീകാരവും നല്‍കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ പി, യു പി സ്‌കൂളുകളില്‍ 2018-19 വര്‍ഷം എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളുടെ അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പ്രളയക്കെടുതിയില്‍ പാഠപുസ്തകം നഷ്ടമായ കുട്ടികള്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും അടിയന്തര പ്രാധാന്യത്തോടുകൂടി പകരം പുസ്തകങ്ങള്‍ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. അസൂയാര്‍ഹമായ നിലയിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ കാലത്തിനൊപ്പം വികസന ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ 400 ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും മന്ത്രി മധുര പലഹാരവും വിതരണം ചെയ്തു. ദൈവത്താര്‍ കണ്ടി സ്‌കൂളില്‍ നിന്ന് മലയാളത്തില്‍ യുഎസ്എസ് പരീക്ഷ എഴുതി വിജയിച്ച രാജസ്ഥാന്‍ സ്വദേശിയായ എസ് ജ്യോതിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു
കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ ബീന, എഇഒ മാരായ കെ വി സുരേന്ദ്രന്‍ മാസ്റ്റര്‍, ടി കെ സുരേഷ് ബാബു, മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍, നിയോജക മണ്ഡലം പ്രതിനിധി ബാബു ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

date