Skip to main content
തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് ഗ്രാമത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു

ഫലവര്‍ഗ കൃഷിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി വി എസ് സുനില്‍കുമാര്‍:  തില്ലങ്കേരിയിലെ പാഷന്‍ ഫ്രൂട്ട് വിളവെടുപ്പ് മന്ത്രി നിര്‍വഹിച്ചു

ഫലവര്‍ഗങ്ങള്‍ക്ക് വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്നും അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് ഗ്രാമത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യമാണ് കേരളത്തിലെ മണ്ണിന്റെ പ്രത്യേകത. മനസ്സ് വെച്ചാല്‍ ഏത് വിളയും നമുക്ക് വിളയിച്ചെടുക്കാന്‍ സാധിക്കും.
പുറത്ത് നിന്നും വരുന്ന ഫലവര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നമ്മുടെ രീതി മാറണം. നമ്മുടെ കര്‍ഷകര്‍ വിളയിക്കുന്ന ഗുണമേന്മയുള്ള ഫലവര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നമുക്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മികച്ചൊരു ഫലവര്‍ഗമാണ് ചക്ക. രണ്ട് വര്‍ഷത്തിനുള്ളില്‍ ചക്കയുടെ ഉത്പാദനവും അതിലൂടെയുണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും വലിയ രീതിയില്‍ വര്‍ധിച്ചു. 500 കോടി രൂപയുടെ ചക്കയാണ് ഓരോ വര്‍ഷവും കേരളത്തില്‍ നിന്നും കയറ്റിയയക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീടുകളിലും വിവിധ വാര്‍ഡുകളിലായുള്ള മാതൃകാ തോട്ടങ്ങളിലുമാണ് തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജെ എല്‍ ജി ഗ്രൂപ്പുകള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ഫാഷന്‍ ഫ്രൂടിന്റെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു ചടങ്ങില്‍ നിര്‍വഹിച്ചു. തില്ലങ്കേരിയിലെ ഫാഷന്‍ ഫ്രൂട്ടുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന അല്‍ ജബ്ബാര്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് ഫലങ്ങള്‍ നല്‍കിയായിരുന്നു ആദ്യ വില്‍പ്പന. ജൈവകര്‍ഷകനായ ഷിംജിത്ത് തില്ലങ്കേരിയെ ചടങ്ങില്‍ ആദരിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി ഷൈമ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, ഇരിട്ടി ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ വി ലത, കെ വി കെ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ ഡോ. ജയരാജ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിധിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date