നവരാത്രി ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം കലക്ടേഴ്‌സ് ട്രോഫി കാഞ്ചി കാമാക്ഷിയമ്മന്‍ കോവിലിന്
നവരാത്രി ഉല്‍സവത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഒന്‍പത് ദിവസമായി നടന്നുവന്ന കണ്ണൂര്‍ ദസറ ആഘോഷപരിപാടികള്‍ക്ക് ഉജ്വല പരിസമാപ്തി. കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലെ തിങ്ങിനിറഞ്ഞ സദസ്സില്‍ പാട്ടും സംഗീതവും നൃത്തവുമൊക്കെയായി വര്‍ണാഭമായ പരിപാടികളാണ് സമാപന ദിവസമായ തിങ്കളാഴ്ച അരങ്ങേറിയത്.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കായി ഈ വര്‍ഷം മുതല്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച കലക്ടേഴ്‌സ് ട്രോഫിക്ക് കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍ അര്‍ഹമായി. നവരാത്രി ഉല്‍സവങ്ങളുടെ ഭാഗമായി നടന്ന പരിപാടികളില്‍ ഫ്‌ളക്‌സ്, പ്ലാസ്റ്റിക് സാധനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതോടൊപ്പം ഹരിത സന്ദേശ പ്രചാരണത്തിനായി ചിത്രരചനാ മല്‍സരവും കോവില്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിലും കോവിലുകളിലും വിദഗ്ധ പാനല്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള കലക്ടേഴ്‌സ് ട്രോഫി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കോവില്‍ അധികൃതര്‍ക്ക് സമാപനച്ചടങ്ങില്‍ വച്ച് കൈമാറി. വരുംദിനങ്ങളില്‍ ജില്ലയില്‍ ഹരിത പെരുമാറ്റച്ചട്ടം വ്യാപകമാക്കുന്നതിനുള്ള പ്രോല്‍സാഹനമെന്ന നിലയ്ക്കാണ് ട്രോഫി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പൊലിമയോടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനങ്ങളുടെ സജീവമായ പങ്കാളിത്തം പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു.
സമാപനദിവസമായ തിങ്കളാഴ്ച ദേവിക സജീവിന്റെ ഭരതനാട്യം, സയനോര ഫിലിപ്പിന്റെ നേതൃത്വത്തില്‍ രാഗം സ്‌കൂള്‍ ഓഫ് വെസ്റ്റേണ്‍ മ്യൂസിക്കിന്റെ ഫ്യൂഷന്‍ സംഗീതം, സൂര്യഗായത്രി സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ നൃത്ത നൃത്യങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
- Log in to post comments