അയര്‍ക്കുന്നം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി
അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഇഡ്ഡലി - സാമ്പാര്‍, പുട്ട് - കടലക്കറി, അപ്പം -മുട്ടക്കറി തുടങ്ങിയ വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നു.
അയര്‍ക്കുന്നം ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍, തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍, ആറുമാനൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സ്‌കൂളുകളില്‍ നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയുണ്ട്.
പ്രഭാത ഭക്ഷണം കഴിക്കാത്തത് പല കുട്ടികളുടെയും പഠനനിലവാരത്തെ ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചുമതല കുടുംബശ്രീക്കാണ്.
ആറുമാനൂര്‍ യുപി സ്‌കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍ 1613/19)
- Log in to post comments