കാക്കൂരില്‍ കേരളോത്സവം ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി കെ ജമീല, ജനറല്‍ കണ്‍വീനറായി ഇന്ദു എ, വര്‍ക്കിങ്ങ് ചെയ്മാന്‍ മാധുരി ടി, ബിന്ദു, നിതേഷ്, ഷീബ പികെ, കോര്‍ഡിനേറ്റര്‍ പ്രത്യുഷ് എന്നിവരെ തെരഞ്ഞെടുത്തു. കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ഒക്‌ടോബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846765823.
ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചു
എടച്ചേരി പഞ്ചായത്തില്‍ ക്ഷീര വികസന വകുപ്പ് മുഖേന ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. 50 ലക്ഷം രൂപയുടെ വിവിധ ധനസഹായ പദ്ധതികള്‍ പദ്ധതി വഴി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കും. 99 കറവ പശുക്കള്‍, 16 മേല്‍ത്തരം കിടാരികള്‍ എന്നിവ ഈ പദ്ധതി മുഖേന പഞ്ചായത്തില്‍ അധികമായി എത്തും. അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, മിനറല്‍ മിക്‌സചര്‍ വിതരണ പദ്ധതി എന്നിങ്ങനെയുള്ള ഇനങ്ങല്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൂണേരി ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.
ഹ്രസ്വകാല സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ്, ത്രീഡി പ്രിന്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ :9847272572.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./ എസ്.റ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍ പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. എസ്.എസ്.എല്‍.സി യോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 16 ന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹിയറിംഗ്
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തും. ഹിയറിംഗില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ രജിസ്ട്രാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, മാനവ് അധികാര്‍ ഭവന്‍, ബ്ലോക്ക് സി, ജിപിഒ കോംപ്ലക്സ്, ന്യൂഡെല്‍ഹി - 110023 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് വഴി അയക്കണം. പരാതിക്കാര്‍ പരാതിയോടൊപ്പം സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കണം. പരാതികള്‍ registrar-nhrc@nic.in, irlawnhrc@nic.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇ-മെയിലായും അയക്കാം. ഒക്ടോബര്‍ 14 നകം പരാതികള്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണ്ടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു. ഫോണ്‍ : 04952370379, 2370657.
കല്ലുത്താന്‍ കടവ് പാര്‍പ്പിട സമുച്ചയം കോളനി വാസികള്‍ക്ക് അടിയന്തിരമായി കൈമാറണം - താലൂക്ക് വികസന സമിതി
കല്ലുത്താന്‍ കടവ് കോളനി വാസികളുടെ തീരാദുരിതത്തിന് പരിഹാരമായി കോര്‍പ്പറേഷന്‍ നിര്‍മിച്ച പാര്‍പ്പിട സമുച്ചയം (ഫ്‌ലാറ്റ്) എത്രയും പെട്ടെന്ന് കോളനി വാസികള്‍ കൈമാറണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
നഗരത്തിലെ സ്വകാര്യ ബസുകളിലെ ക്ലീനര്‍ മാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുവാന്‍ സീറ്റ് നല്‍കുന്നില്ലെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്ന് യോഗം അറിയിച്ചു. മാവൂര്‍ റോഡിലെ ഡ്രെയിനേജ് പണി ത്വരിതഗതിയില്‍ ആക്കണം. പാളയം ബസ് സ്റ്റാന്‍ഡിനകത്ത് വ്യാപകമായി അനധികൃത മദ്യ കച്ചവടം നടക്കുന്നതായും ഇതിനെതിരെ എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ നടപടിയെടുക്കണം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്നത് ഉടനെ നന്നാകണമെന്നും തലക്കുളത്തൂര്‍ പാവയില്‍ ചീര്‍പ്പ് വഴിയുള്ള ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ പി ശുഭന്‍, താലൂക്ക് വികസന സമിതി അംഗങ്ങളായ ചോലക്കല്‍ രാജേന്ദ്രന്‍, കെ മോഹനന്‍, കെ പി കൃഷ്ണന്‍കുട്ടി, എന്‍ വി ബാബുരാജ്, എന്‍ സഖീഷ് ബാബു, സി എന്‍ ശിവദാസന്‍, ഇയ്യക്കുന്നത്ത് നാരായണന്‍, സി അമര്‍നാഥ്, സി പി ഉസ്മാന്‍ കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
കാത്തിരിപ്പിന് വിരാമമായി;മാഹി റെയില്‍വ്വെ സ്റ്റേഷന് സമീപത്ത്
പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാഹി റെയില്‍വ്വേ സ്റ്റേഷന് സമീപം പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ജില്ലാ പോലിസ് മേധാവി കോഴിക്കോട് റൂറല്‍ കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. എയ്ഡ്‌പോസ്റ്റിലേക്ക് വൈദ്യുതികണക്ഷന് ആവശ്യമായ സഹായം നല്‍കിയത് മാഹി റെയില്‍വെ സ്റ്റേഷനിലെ വ്യാപാരികളാണ്.
ജില്ലാ പഞ്ചായത്ത് മെംമ്പര്‍ എ.ടി.ശ്രീധരന്‍, വടകര ഡിവൈഎസ്പി കെ.എസ്.ഷാജി, വൈസ് പ്രസിഡന്റ് റീനരയരോത്ത്, ചോമ്പാല്‍ സി.ഐ. ടി.പി.സുമേഷ്, വാര്‍ഡ് മെംബര്‍മാരായ മഹിജ തോട്ടത്തില്‍, സുകുമാരന്‍ കല്ലറോത്ത്, ഉഷ കുന്നുമ്മല്‍, ബ്ലോക്ക് മെംബര്‍ കെ.പി.പ്രമോദ്, മാഹി റെയില്‍വ്വെ സ്റ്റേഷന്‍ സുപ്രണ്ട് എം.ശ്രീനീവാസന്‍, വ്യാപാരി വ്യവസായി പ്രതിനിധി സി.കെ.രാഗേഷ്, എസ്.ഐ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
വാഹനം ആവശ്യമുണ്ട്
ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യ കേരളം ഓഫീസുമായോ 04952374990 എന്ന നമ്പറിലോ www.arogyakeralam.gov.in വെബ്സൈറ്റിലോ ബന്ധപ്പെടാം.
സ്വയം തൊഴില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ സ്‌കീമുകളുടെ അഭിമുഖം നവംബറില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. പ്രായപരിധി കെസ്‌റു 50 വയസ്സ്, ജോബ് ക്ലബ്ബ് 45 വയസ്സ്. കെസ്‌റു പദ്ധതിയില്‍ ബാങ്ക് വായ്പയുടെ 20 ശതമാനവും (പരമാവധി 20,000/- രൂപ), മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബിന് ബാങ്ക് വായ്പയുടെ 25 ശതമാനവും (പരമാവധി 2,00,000/- രൂപ), സബ്‌സിഡി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറങ്ങള്‍, കോഴിക്കോട്, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388498696.
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/ യൂണിവേഴ്സ്റ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് റഗുലര്‍ ആയി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചിരിക്കണം. അവസാന തീയതി 10-12 വരെ ക്ലാസുകള്‍ക്ക് നവംബര്‍ 15, മറ്റുള്ള കോഴ്സുകള്‍ക്ക് ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2771881.
ടോക്കണ്‍ ലഭിച്ചവര്‍ ഹാജരാകണം
വിവിധ ആവശ്യങ്ങള്‍ക്കായി ഒക്ടോബര്‍ 10 ന് വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ വരാനായി ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ ഒക്ടോബര്‍ 19 ന് രാവിലെ ഓഫീസില്‍ ഹാജരാകണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
മുക്കം - അരീക്കോട് റോഡിൽ നോർത്ത് കാരശ്ശേരി ജംഗ്ഷനിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതു വരെ മുക്കം ഭാഗത്തു നിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തു നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുരിങ്ങമ്പുറായി ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി - മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാരമൂല - കുമാരനല്ലൂർ വഴിയും പോകേണ്ടതാണ്.
മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരശ്ശേരി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുക്കം - ചെറുവാടി (എൻ.എം ഹുസൈൻ ഹാജി) റോഡ് വഴി ചീപ്പാംകുഴി ജംഗ്ഷനിൽ നിന്നും കറുത്തപറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അംശാദായം അടക്കല്‍ തിയ്യതി നീട്ടി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ കീഴിലെ കര്‍ഷകത്തൊഴിലാളി അംഗങ്ങളില്‍ 24 മാസത്തിനകം അംശാദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായം അടച്ച അംഗത്വം സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. 24 മാസത്തിലധികം അംശാദായം കുടിശ്ശിക വരുത്തിയ തൊഴിലാളികളില്‍ നിന്നും കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ സഹിതം 2020 ഫെബ്രുവരി 29 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനു അംഗത്വം സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. ഈ ഉത്തരവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത അംഗത്വം പുനഃസ്ഥാപിച്ചവര്‍ക്ക് കുടിശ്ശിക കാലയളവില്‍ ഉണ്ടായ പ്രസവം, വിവാഹം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ക്ഷീര വികസന സെമിനാര്‍ നടത്തി
ക്ഷീര വികസന വകുപ്പ് വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി നടത്തിയ ക്ഷീര കര്‍ഷക സംഗമം കിസാന്‍ ഗോഷ്ഠി ക്ഷീര വികസന സെമിനാറിന്റെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ അധ്യക്ഷത വഹിച്ചു.
ആദായകരമായ ക്ഷീരോല്‍പാദനം എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടര്‍ എം ശോഭന, മില്‍മയും ക്ഷീര കര്‍ഷകരും എന്ന വിഷയത്തില്‍ മില്‍മ പി ആന്റ് ഐ മാനേജര്‍ പുഷ്പരാജന്‍, കന്നുകാലി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ
കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ ഷണ്‍മുഖവേല്‍ എന്നിവർ സെമിനാര്‍ നടത്തി. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍ രശ്മി മോഡറേറ്റര്‍ ആയിരുന്നു. ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുല്‍ പാലളന്ന കര്‍ഷകയായ കായലം ക്ഷീരസംഘം അംഗം മുനീറയെ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്തയും ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുല്‍ പാലളന്ന വനിത കര്‍ഷകയായ പെരുവയല്‍ ക്ഷീരസംഘം അംഗം രശ്മിയെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരും ആദരിച്ചു. ബ്ലോക്ക് തലത്തില്‍ എസ് സി വിഭാഗത്തില്‍ ഏറ്റവും കൂടുല്‍ പാലളന്ന കര്‍ഷകനായ ചാത്തമംഗലം ക്ഷീരസംഘം അംഗം ജയനെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ റംല ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിയായ പെരുവയല്‍ ക്ഷീര സംഘം അംഗം അംബികക്ക് സമ്മാനമായി കിടാരിയെ നല്‍കി. ബ്ലോക്ക് തലത്തിലെ അഞ്ച് മികച്ച ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലി പ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച ഒമ്പത് ഉരുക്കളുടെ ഉടമസ്ഥര്‍ക്കും കേരള സീഡ് വകുപ്പിന്റെ പ്രോത്സാഹനസമ്മാനവും വിതരണം ചെയ്തു.
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലും പെരുവയല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്തിലും ആത്മ കോഴിക്കോട്, മില്‍മ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, പെരുവയല്‍ ഗ്രാമ പഞ്ചായത്ത്, കേരളാ ഫീഡ്സ്, കനറാ ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങള്‍, കുന്ദമംഗലം ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പൂവ്വാട്ടുപറമ്പ വി പി കോപ്ലക്സില്‍ നടന്ന ചടങ്ങില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുബിത തോട്ടാഞ്ചേരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവി കുമാര്‍ പനോളി, രാജീവ് പെരുമണ്‍പുറ, നസീബാ റായ്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി ടി സുകുമാരന്‍, എം കെ മുനീര്‍, മിനി ശ്രീകുമാര്‍, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ടി ഡി മീന, കേരള ഫീസ്ഡ് മാനേജര്‍ ജയചന്ദ്രന്‍, ക്ഷീര സംഘം പ്രസിഡന്‌റുമാരായ ബാലകൃഷ്ണന്‍ നായര്‍, സഹദേവന്‍, കൊളക്കാടന്‍ സത്താര്‍, വാസുദേവന്‍, ക്ഷീര സംഘം സെക്രട്ടറിമാരായ രഘു പ്രസാദ്, വി കെ വിനോദ്, പി എ ഡബ്ലു സി എസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ ഇ ഫസല്‍, എന്‍ അബൂബക്കര്‍, എന്‍ പി ബിജു, കുന്ദമംഗലം ക്ഷീര വികസന ഓഫീസര്‍ പി സനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനം അദാലത്ത്
വന്യ ജീവി ആക്രമണം തടയാൻ നടപടി; 843പരാതികൾ; 10.5 ലക്ഷം നഷ്ടപരിഹാരം
പരാതികളുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ടും ഭൂരിഭാഗത്തിനും അടിയന്തിര പരിഹാരം കണ്ടും കോഴിക്കോട് ജില്ലാ വന അദാലത്ത് ശ്രദ്ധേയമായി.
ലഭിച്ച 793 പരാതികളിൽ 506 എണ്ണത്തിനും വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് അനൂലമായി തീർപ്പുകൽപ്പിച്ചപ്പോൾ 237 എണ്ണം വിവിധ വകുപ്പുകളുടെ പരിഗണനയ്ക്കും തുടർ പരിശോധന കൾക്കുമായി മാറ്റിവച്ചു.
ജില്ലയിൽ രൂക്ഷമായ വന്യ ജീവി ആക്രമണം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും വന്യജീവികളുടെ ആക്രമണം സംബന്ധിച്ച വായിരുന്നു. കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി നാശം സംഭവിച്ച നിരവധി പരാതികളാണ് ലഭിച്ചത്. ഇത് നേരിടുന്നതിന്
സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവയുടെ ശല്യം കൂടുന്ന സാഹചര്യങ്ങളിൽ വ്യവസ്ഥകൾക്ക് വിധേയമായി വെടിവെച്ചു കൊല്ലുന്നതിന് ഡി എഫ് ഒ മാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പെരുവണ്ണാമൂഴിയിൽ കാട്ടുപന്നി കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും 'മന്ത്രി അറിയിച്ചു.
റാപിഡ് റെസ്പോൺസ് ടീമകളുടെ എണ്ണം കുറവുള്ള ജില്ല ആണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിര സാഹചര്യങ്ങളിൽ ആർ ആർ ടികൾ രൂപീകരിക്കാൻ ഡി എഫ് ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ വാഹനങ്ങളും ആയുധങ്ങളും വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ഇതിനോടകം 60 കിമി സൗരോർജ്ജ വേലിയും 1.03 കി മി ആന കിടങ്ങും സ്ഥാപിച്ചു കഴിഞ്ഞു. ഈ വർഷം II കി മി സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു
തടിമില്ലുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾ നിലവിലെ സാഹചര്യങ്ങളിൽ പരിഗണിക്കാൻ സാധിക്കുകയില്ല പ്രശ്ന പരിഹാര സാധ്യതകൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഭൂമി സംബന്ധമായ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിഹാര സാധ്യതകൾ കണ്ടെത്തുവെന്നും മന്ത്രി അറിയിച്ചു
വന്യ ജീവി ക ൾ മൂലമുള്ള നാശനഷ്ടങ്ങളിൽ വിവിധ പരാതിക ബിലായി 1046868 രൂപയുടെ നഷ്ടപരിഹാരവും അദാലത്ത് വേദിയിൽ വച്ച് കൈമാറി.
അദാലത്ത് വേദിയിൽ ലഭിച്ച 50 അപേക്ഷകൾ ഉൾപ്പടെ തുടർ നടപടികൾക്കായി മാറ്റി വച്ച 337 പരാതികളിൽ നടപടി പൂർത്തിയാക്കി ഒരു മാസത്തിനകം പരാതിക്കാരെ നേരിട്ടറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.നഷ്ടപരിഹാര അപേക്ഷകളിൽ സത്വര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി.
ഓരോ അപേക്ഷയും സംബന്ധിച്ച ഉത്തരവുകളും തീരുമാനങ്ങളും അദാലത്ത് വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് കൈമാറുകയും വിശദാംശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
വനം വന്യജീവി വകുപ്പ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന അദാലത്ത് കളുടെ ഭാഗമായാണ് ജില്ലയിൽ അദാലത്ത് സംഘടിപ്പിച്ചത്
സംസ്ഥാനത്തെ എട്ടാമത്തെ അദാലത്താണിത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തൃശ്ശൂർ, പാലക്കാട് കണ്ണൂർ വയനാട് ജില്ലകളിലെ അദാലത്തുക ളാണ് നടന്നത്.
ചടങ്ങിൽ എം എൽ എ മാരായ കാരാട്ട് റസാഖ്, പി ടി എ റഹീം, വി കെ സി മമ്മദ് കോയ ജോർജ്ജ് എം തോമസ് ഇ കെ വിജയൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി, എ പി സി എഫ് രാജേഷ് രവീന്ദ്രൻ ജില്ല കളക്ടർ സാംബശിവറാവു, സി സി എഫ് മാരായ എൻ ടി സാജൻ, കെ കാർത്തികേയൻ, ഡോ ആർ ആsലരശൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
കലക്ടറുടെ ഒപ്പം അദാലത്ത്;
ഓമശേരിയില്‍ പരിഗണിച്ചത് 214 പരാതികള്‍
'സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം' അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ് സെന്ററിലെ പഠനം കഴിഞ്ഞാല്‍ ജോലി കാര്യത്തില്‍ നടപടിയുണ്ടാക്കാമെന്ന ഉറപ്പ് ഇവര്‍ക്ക് ആശ്വാസമായി. മനം നിറഞ്ഞ ചിരിയോടെയാണ് രണ്ടുപേരും അദാലത്തില്‍ നിന്ന് മടങ്ങിയത്. ശനിയാഴ്ച ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ 'ഒപ്പം' അദാലത്ത് സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍, ലൈഫ് പദ്ധതി, റേഷന്‍ കാര്‍ഡ് പരാതികള്‍ തുടങ്ങി വിവിധ ആവശ്യങ്ങളിലായി 214 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. കൂടത്തായ്, പുത്തൂര്‍, നീലേശ്വരം, രാരോത്ത് എന്നി നാല് വില്ലേജുകളിലെ അപേക്ഷകരുടെ പരാതികളാണ് പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിതരായ രണ്ടുപേര്‍ക്ക് റിക്ലൈനര്‍ വീല്‍ചെയര്‍ നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. 11 വയസുകാരിയായ നടമ്മല്‍പൊയിലിലെ ഫാത്തിമ ഷെഹരിയക്കും മറ്റൊരു കുട്ടിക്കുമാണ് വീല്‍ചെറുകള്‍ നല്‍കുക.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് ലഭിച്ചത്. ഇതില്‍ പുത്തൂര്‍ പാറോല്‍ ടി സി പുഷ്പവല്ലിയുടെ അപേക്ഷ പരിഗണിച്ച് ഇവരുടെ കാര്‍ഡ് എഎവൈ (അന്ത്യോദയ അന്നയോജന) വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. ഇവരുടെ 42ഉം 32ഉം വയസുള്ള രണ്ടു കുട്ടികള്‍ 55 ശതമാനം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. മുന്‍ഗണനാ വിഭാഗത്തിലായിരുന്നു ഇവരുടെ റേഷന്‍ കാര്‍ഡ്. ഇതേ ആവശ്യമുന്നയിച്ച് ലഭിച്ച മറ്റ് കാര്‍ഡുടമകളുടെ പരാതികളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. കാട്ടുമൃഗ ശല്യങ്ങളില്‍ നിന്നു കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വേനപ്പാറ സ്വദേശി നല്‍കിയ പരാതിയും പരിഗണിച്ചു.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 55 അപേക്ഷകള്‍ ്് ലഭിച്ചതിൽ മതിയായ രേഖകൾ ഹാജരാക്കിയ 48 എണ്ണവും പരിഗണിച്ചു.
60 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.
ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി സക്കീന ടീച്ചര്‍, ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, താമരശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമിം, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി.സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments