Skip to main content

പഞ്ചായത്ത് ജീവനക്കാര്‍ കൈക്കോര്‍ത്തു നിലമ്പൂരില്‍ ഒരുങ്ങുന്നത് രണ്ട് വീടുകള്‍

    ജില്ലയില്‍ പ്രളയം ഏറെ ബാധിച്ച നിലമ്പൂരിലെ ദുരിത ബാധിതരെ സഹായിക്കാന്‍ പഞ്ചായത്ത് ജീവനക്കാര്‍ കൈകോര്‍ക്കുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക്  വീട് നിര്‍മ്മിച്ച് നല്‍കുന്നതിനാണ് പഞ്ചായത്ത് ജീവനക്കാര്‍ കൈക്കോര്‍ക്കുന്നത്.  കരുളായി ഗ്രാമ പഞ്ചായത്തിലെ ചെമ്പകശ്ശേരി നഫീസ, ചാലിയാര്‍ പഞ്ചായത്തിലെ അയ്യായില്‍ പത്മാവതി തുടങ്ങിയവരുടെ  കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്.  അര്‍ഹത മാത്രം മാനദണ്ഡമാക്കിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  

   വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് ( ഒക്‌ടോബര്‍ ആറ്) വൈകീട്ട് മൂന്നിന് ജില്ലാ കലക്ടര്‍  ജാഫര്‍ മലിക് നിര്‍വഹിക്കും. ബന്ധപ്പെട്ട വ്യക്തികളുടെ വീടിന് സമീപം നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും.  വീടുകള്‍ 2020 ജനുവരി ഒന്നിന്  ഗുണഭോക്താക്കള്‍ക്ക് കൈമാറും.
   പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി ജീവനക്കാര്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയും ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പണം സ്വരൂപിക്കുകയും ചെയ്യുകയായിരുന്നു. 
പ്രളയത്തോടനുബന്ധിച്ച് അടിയന്തിര സാഹചര്യത്തില്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനും, ദുരിതാശ്വാസ ക്യാമ്പുകളില്‍ പരാതിക്കിട നല്‍കാതെ പ്രാഥമികമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, നാശനഷ്ടം കണക്കാക്കുന്നതിനുമുള്ള പ്രളയാനന്തര സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിലും പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ നിര്‍വ്വഹിച്ച പങ്ക് അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്.  
 

date