Skip to main content

ബീച്ച് ഗെയിംസ്-ജില്ലാതല മത്സരങ്ങള്‍  നവംബര്‍ 16ന് ആരംഭിക്കും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20

   സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 24 വരെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടം വലി എന്നീ കായികയിനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തീരദേശവാസികള്‍ക്കായി ഫുട്‌ബോള്‍, വടംവലി തുടങ്ങിയ മത്സരയിനങ്ങളില്‍ പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ അംഗീകൃത ക്ലബുകള്‍ (സൊസൈറ്റീ/രജിസ്‌ട്രേഷന്‍/യുവജനക്ഷേമബോര്‍ഡ്/ഗ്രാമപഞ്ചായത്ത്/നെഹ്‌റുയുവകേന്ദ്ര എന്നിവയില്‍ ഏതെങ്കിലും ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) സ്‌പോര്‍ട്‌സ് സംഘടനകള്‍, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/കോളജ് മുഖാന്തിരം വരുന്ന ടീമുകള്‍ എന്നിവര്‍ ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.  
പങ്കെടുക്കാനുള്ള മാനദണ്ഡങ്ങള്‍
   ടീമംഗങ്ങള്‍ ആറ് മാസത്തില്‍ കൂടുതല്‍ ജില്ലയിലെ സ്ഥിരതാമസക്കാരോ ജോലിക്കാരോ, വിദ്യാഭ്യാസ സംബന്ധമായി താമസിക്കുന്നവരോ ആയിരിക്കണം.    എല്ലാ ഇനത്തിലും സീനിയര്‍ തലത്തില്‍ മാത്രമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.     18 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 16 വയസിന് മുകളിലുള്ള വനിതകള്‍ക്കും പങ്കെടുക്കാം.
    ഫുട്‌ബോള്‍, വോളിബോള്‍, കബഡി തുടങ്ങിയ മത്സരങ്ങളില്‍ ഒരു ടീമില്‍ 12 പേരും വടംവലി മത്സരത്തില്‍ 10 പേരും ഉണ്ടായിരിക്കണം. നാല് കായിക ഇനത്തിലും വനിതകള്‍ക്ക് ടീമായി മത്സരിക്കാം. മത്സ്യതൊഴിലാളികളായ  പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള പ്രത്യേക ബീച്ച് ഫുട്‌ബോള്‍, വടം വലി മത്സരങ്ങളില്‍ ഒരു ടീമില്‍ 10പേര്‍ ഉണ്ടായിരിക്കണം. ഫുട്‌ബോള്‍, ഫുട്‌ബോള്‍ ഒഴികെയുള്ള മറ്റ് മത്സരങ്ങളെല്ലാം അതാത് ഇനങ്ങളുടെ സ്‌പോര്‍ട്‌സ് ഫെഡറേഷന്റ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും നടത്തുക.    
    ജില്ലാ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ടീമായിരിക്കും സംസ്ഥാനതല മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുക. ഇതിനായി പ്രത്യേകം സെലക്ടര്‍മാരെ നിശ്ചയിക്കാം.    
     കടപ്പുറം മേഖലയില്‍  തന്നെയാണ്  മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ/ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരിച്ചറിയല്‍ കാര്‍ഡ്/ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നതിനുള്ള അധികാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കും. ടഗ്ഗ് ഓഫ് വാര്‍ മത്സരത്തില്‍ പുരുഷന്‍മാര്‍ക്ക് 640 കിലോ പരിധിയും വനിതകള്‍ക്ക് 500 കിലോ പരിധിയും ആയിരിക്കും. ജയ്‌സിയും,യൂനിഫോമും ടീമുകള്‍ക്ക് നിര്‍ബന്ധമാണ്.    ജില്ലാതല മത്സരങ്ങള്‍ക്ക് കൂടുതല്‍ ടീമുകള്‍ ഉണ്ടെങ്കില്‍ സോണ്‍ തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകളാണ് മത്സരിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
  പൂരിപ്പിച്ച അപേക്ഷാ ഫോറം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തിലോ  യലമരവഴമാലാെുാ2019@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണം. ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുന്നവര്‍ ഒറിജിനല്‍ അപേക്ഷയും അനുബന്ധരേഖകളും മത്സരത്തിനു മുമ്പായി ഹാജരാ ക്കണം. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 20. അപേക്ഷയോടൊപ്പം ക്ലബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖയുടെ പകര്‍പ്പ്, ടീമംഗങ്ങളുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ  രേഖ, മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മത്സരത്തിലാണ് പങ്കെടുക്കുന്നതെങ്കില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൂടി ഉള്‍പ്പെടുത്തണം. ഒരു ഗെയിംമിന് ഒരു അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ഒരു ക്ലബ്/ സ്ഥാപനം വിവിധ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടണം.ഫോണ്‍-0483 2734701
 

date