Skip to main content

നിറക്കാഴ്ചയായി കോട്ടപ്പുറം വളളംകളി വിളംബര ഘോഷയാത്ര

കണ്ണിന് നിറക്കാഴ്ചയൊരുക്കി കോട്ടപ്പുറം വള്ളംകളി വിളംബര ഘോഷയാത്ര. ശിങ്കാരിമേളം, ബാൻഡ് മേളം, തെയ്യം, നാടൻപാട്ട് എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ കുട്ടികളുടെ റോളർ സ്‌കേറ്റിങ് പ്രകടനം, സ്‌കൗട്ട് ആന്റ് ഗൈഡ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിലുള്ള മാർച്ച് പാസ്റ്റ് എന്നിവയും ശ്രദ്ധേയമായി. കൊടുങ്ങല്ലൂർ ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ട ഘോഷയാത്രയ്ക്ക് അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ എന്നിവർ നേതൃത്വം നൽകി. കോട്ടപ്പുറം കായലിൽ ഒക്‌ടോബർ 12 ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാമത്തെ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ആദ്യപടിയായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മുസിരിസ് ബോട്ട് ക്ലബ്ബിന്റെ സഹകരണത്തോടു കൂടിയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ഉച്ച രണ്ടു മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 വരെയാണ് മത്സരങ്ങൾ. പുന്നമടക്കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുത്ത 9 ചുണ്ടൻ വള്ളങ്ങളാണ് കോട്ടപ്പുറം കായലിൽ മത്സരത്തിനിറങ്ങുക. മൂന്നു വള്ളങ്ങൾ വീതമുള്ള മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളാണ് നടക്കുക. ഇതോടൊപ്പം മുസിരിസ് ബോട്ട് ക്ലബ്ബിന്റെ വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള പ്രാദേശിക വള്ളംകളി മത്സരവും നടക്കും. 35 പേർ തുഴയുന്ന 6 വള്ളങ്ങളും 25 പേർ തുഴയുന്ന 7 വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. പ്രധാന പവലിയനോട് ചേർന്നുള്ള സ്റ്റേജിൽ ഉച്ച രണ്ടര മുതൽ മോഹിനിയാട്ടം, തിരുവാതിരക്കളി, പഞ്ചവാദ്യം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലേക്ക് മത്സരത്തിൽ അണിനിരക്കുന്ന ഓരോ ചുണ്ടൻ വെള്ളത്തിനും നാല് ലക്ഷം രൂപ വീതം ലഭിക്കും. മാത്രമല്ല ഓരോ മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തുന്ന വള്ളങ്ങൾക്ക് 5 ലക്ഷവും രണ്ടാം സ്ഥാനത്തെത്തുന്ന വള്ളങ്ങൾക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 12 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വള്ളത്തിനാണ് ഒന്നാംസ്ഥാനം ലഭിക്കുക. 23 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയ്ക്ക് വേണ്ടിയുള്ള വള്ളംകളിയോടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തിരശ്ശീല വീഴും.

date