കെ പി എസ് സി; പുതുക്കിയ നിര്‍ദേശങ്ങള്‍
ഒക്‌ടോബര്‍ മാസം മുതല്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളെയല്ലാതെ അവരുടെ കൂടെ വരുന്ന ആരെയും തന്നെ പരീക്ഷാ കേന്ദ്രത്തിന്റേ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും പതിനഞ്ച് മിനിറ്റ് മുമ്പ് മുതല്‍ മാത്രമേ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍ പോയിന്റ്) ഇവ മാത്രമേ പരീക്ഷാ ഹാളിനുള്ളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥിയുടെ കൈവശം ഉണ്ടാകാവൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ചിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കുവാന്‍ പാടുള്ളൂ.
പാഠ്യവസ്തുക്കള്‍(അച്ചടിച്ചതോ, എഴുതപ്പെട്ടതോ), കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സ്, പ്ലാസ്റ്റിക് കവര്‍, റബ്ബര്‍, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്‌സ്, പൗച്ച്, പെന്‍ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്‌ട്രോണിക് പേന, സ്‌കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, ക്യാമറ പെന്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, റിസ്റ്റ് വാച്ച്, സ്മാര്‍ട്ട് വാച്ച്, ക്യാമറ വാച്ച്, പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കള്‍, കുപ്പിവെള്ളം എന്നിവ യാതൊരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുന്നതല്ല. കൂടാതെ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവപോലുള്ള വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കുവാന്‍ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതല്ല. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പി എസ് സി യുടെ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും സ്ഥിരമായി വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കുമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments