നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ മുണ്ടേരി സ്‌കൂളിന് 1.08 കോടി രൂപ നല്‍കി
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് 1.08 കോടി രൂപ നല്‍കി. എന്‍എച്ച്പിസിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. കെ കെ രാഗേഷ് എംപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ രൂപം നല്‍കിയ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ക്കായാണ് കോര്‍പറേഷന്റെ ധനസഹായം.
നേരത്തേ എന്‍എച്ച്പിസിയുടെ പ്രതിനിധി സംഘം കണ്ണൂരിലെത്തി പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുണ്ടേരി ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 33 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മികച്ച ലബോറട്ടറി, ഡിജിറ്റല്‍ ലൈബ്രറി, ലോക നിലവാരമുള്ള ക്ലാസ്സ് മുറികള്‍, റോബോട്ടിക്ക് ലാബ്, പരിസ്ഥിതി ലാബ്, സയന്‍സ് സെന്റര്‍, പ്ലാനറ്റോറിയം, കളിസ്ഥലം, സ്‌പോര്‍ട്‌സ് സെന്റര്‍, ജൈവ ഉദ്യാനം, ആംഫി തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്നതാണ് മുദ്ര പദ്ധതി.
നേരത്തേ മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്പോര്‍ട്സ് വികസന പരിപാടിയുടെ ഭാഗമായി ഗെയില്‍ 1.84 കോടി അനുവദിച്ചിരുന്നു. മുണ്ടേരി ഗവ. എച്ച്എസ്എസ്സിനു പുറമെ, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ എല്ലാ എല്‍പി-യുപി സ്‌കൂളിലെയും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എംപിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
- Log in to post comments