Skip to main content

റേഷൻ കടകളിൽ നിന്ന് ബിൽ ചോദിച്ച് വാങ്ങണം

റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധമായി വാങ്ങണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. വാങ്ങിയ സാധനങ്ങളുടെ വിവരം, വാങ്ങാൻ ബാക്കിയുള്ളത്, വില എന്നിവ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അംഗങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ റേഷൻ സാധനങ്ങൾ അവകാശപ്പെട്ടവരിൽതന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയും.
'ഭക്ഷ്യപൊതുവിതരണ രംഗത്ത് നല്ല മാറ്റങ്ങളുടെ സുവർണകാലം' എന്ന വിഷയത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് തൃശൂർ പ്രസ്‌ക്ലബ് ഹാളിൽ നടത്തിയ മാധ്യമശിൽപശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റേഷൻ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരമാവധി വിവരങ്ങൾ ഓൺലൈനിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസ റേഷൻ വിഹിതം, വാങ്ങിയവരുടെ വിവരങ്ങൾ, സംസ്ഥാനത്ത് തുറന്നിരിക്കുന്ന റേഷൻ കടകൾ എത്ര, അവയിലെ സ്റ്റോക്ക് വിവരങ്ങൾ തുടങ്ങിയവ അറിയാൻ epos.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
കേരളത്തിലെ ഭൂരിഭാഗം റേഷൻ കടകളിലും സ്ഥാപിച്ച ഇ-പോസ് മെഷീനിലൂടെ ആധാർ അധിഷ്ഠിതമായാണ് റേഷൻ വിതരണം നടത്തുന്നത്. എന്നാൽ, ആധാർ റേഷൻ കാർഡുമായി ചേർത്തില്ലെന്ന കാരണം കൊണ്ട് ആർക്കും റേഷൻ നിഷേധിച്ചിട്ടുമില്ല. മൊബൈൽ ഫോൺ ഒ.ടി.പി, ഓഫ്ലൈൻ സംവിധാനങ്ങളിലൂടെ അർഹതപ്പെട്ട എല്ലാവർക്കും റേഷൻ വിഹിതം ഉറപ്പുവരുത്തിയിട്ടുണ്ട്. ആധാർ അധിഷ്ഠിതമായി ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനാൽ റേഷൻ വിഹിതത്തിൻെ വകമാറ്റം പൂർണമായും തടയാൻ കഴിഞ്ഞിട്ടുണ്ട്.
റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പ്രോക്സി സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് ആ റേഷൻ കടയുടെ പരിധിയിൽ വരുന്ന, റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്ത ഒരാളെ പകരക്കാരനായി നിയോഗിക്കാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിംഗ് ഓഫീസിലോ അപേക്ഷ നൽകാം.
സർക്കാറിനാൽ നിശ്ചയിക്കപ്പെടുന്ന ഭക്ഷ്യവിഹിതം ഉദ്യോഗസ്ഥർ, വ്യാപാരികൾ തുടങ്ങിയവരുടെ പിഴവുകൾ മുഖേനയോ പൊതുവിതരണ സംവിധാനത്തിലെ മറ്റേതെങ്കിലും വീഴ്ച കൊണ്ടോ മറ്റോ ഗുണഭോക്താവിന് ലഭിക്കാതെ വന്നാൽ ആ വ്യക്തിക്ക് ഭക്ഷ്യഭദ്രതാ ബത്തയ്ക്ക് അവസരം ഉണ്ടാവും. അതത് പ്രദേശത്തെ റേഷനിംഗ് ഇൻസ്പെക്ടറാണ് ഭക്ഷ്യഭദ്രതാ സംവിധാനത്തിന്റെ നോഡൽ ഓഫീസർ. അനുവദിക്കപ്പെട്ട ഭക്ഷ്യധാന്യ വിഹിതത്തിന് ആനുപാതികമായ തുകയായിരിക്കും ബത്തയായി ലഭിക്കുക. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൻ കീഴിൽ വിപുലവും സമഗ്രവും ഫലപ്രദവുമായ പരാതി പരിഹാരം നിലവിൽ കൊണ്ടുവന്നതായും വ്യക്തമാക്കി.
ചാലക്കുടി താലൂക്ക് മുൻ സപ്ലൈ ഓഫീസർ ബെന്നി ഡേവിഡ് പ്ലാക്കൽ വിഷയാവതരണം നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസർ എസ് കമറുദ്ദീൻ, തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്, ഐ ആൻഡ് പിആർഡി അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ്, പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവർ സംസാരിച്ചു.

date