മാനസികാരോഗ്യ ദിനം ആചരിച്ചു
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ദ്വിദിന മാനസികാരോഗ്യ ദിനാചരണം നടത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 'ആത്മഹത്യ പ്രതിരോധം' എന്ന വിഷയത്തില്‍ ഏകദിന സെമിനാറും ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രത്യേക പരിശീലനവും നടത്തി.
ലോക മാനസികാരോഗ്യ ദിനത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജും മുട്ടം നഴ്‌സിംഗ് കോളേജും സംയുക്തമായി ചേര്‍ന്ന് നടത്തിയ ബോധവല്‍ക്കരണ പരിപാടിയും പൊതുസമ്മേളനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ തഹസില്‍ദാര്‍ ജോസൂട്ടി അദ്ധ്യക്ഷനായിരുന്നു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ബോധവല്‍ക്കരണ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന യൂട്യൂബ് ചാനല്‍ ആയ 'മനോമിത്രം -ഡി.എം.എച്.പി' യുടെ ഔദ്യോഗിക ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടണ്‍് ഡോ ഉമാദേവി നിര്‍വഹിച്ചു. ഡി.എം.എച്.പി നോഡല്‍ ഓഫീസര്‍ ഡോ.അമല്‍ എബ്രഹാം, ഡോ.രമേശ് ചന്ദ്രന്‍, ഡോ.സിറിയക് ജോര്‍ജ്, മുട്ടം നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി എന്നിവര്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയമായ 'നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം ആത്മഹത്യയെ പ്രതിരോധിക്കാനായി ' എന്നതിനെ കുറിച്ചും സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ കുട്ടികളുടെ ഫ്‌ലാഷ് മോബ്, മൈം എന്നിവയും ജില്ലയിലെ മാനസികാരോഗ്യ കൗണ്‍സിലര്‍മാര്‍ തെരുവ് നാടകവും അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി.
- Log in to post comments