ദേശീയ ലോക് അദാലത്ത് ഇന്ന് (12.10)
ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ സംഘടിപ്പിച്ച് വരുന്ന ദേശീയ ലോക് അദാലത്ത് ഇന്ന് നടക്കും. ഇടുക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, കട്ടപ്പന, പീരുമേട്, ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളിലാണ് ലോക് അദാലത്ത്. പ്രത്യേകം ഒരുക്കിയിട്ടുള്ള 25 ബൂത്തുകളിലായി 7500 ഓളം കേസുകള്‍ പരിഗണിക്കും. വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവില്‍, ക്രിമിനല്‍, വാഹന അപകട ഇന്‍ഷുറന്‍സ്, കുടുംബ തര്‍ക്കം, റവന്യൂ റിക്കവറി, മുദ്രവില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ വകുപ്പിലുള്ള കേസുകളും പരിഗണിക്കും. കേസുകളുമായി ബന്ധപ്പെട്ടവര്‍ അതത് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 10ന് ഹാജരാകണം. പണച്ചെലവില്ലാതെ കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ അപ്പീലില്ലാതെ തീര്‍പ്പാക്കുന്ന അദാലത്തിന്റെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ മുഹമ്മദ് വസീം, സെക്രട്ടറി ദിനേശ് എം പിള്ള എന്നിവര്‍ അറിയിച്ചു.
- Log in to post comments