പോസ്റ്റുമോര്‍ട്ടം യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് (12.10)
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച പോസ്റ്റുമോര്‍ട്ടം യൂണിന്റെ ഉദ്ഘാടനം ഇന്ന് (12.10) രാവിലെ 10 ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യും. കുറച്ച് നാളുകളായി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നിര്‍ത്തിവച്ചിരിക്കുകയായിരുന്നത് പുതിയ യൂണിറ്റിന്റെ ഉദ്ഘാടനത്തോടെ പുന:രാരംഭിക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
ആശുപത്രിയുടെ സമഗ്ര വികസനത്തിനു വേണ്ടി 40 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നഗരസഭ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുളള സ്ഥലം പൂര്‍ണ്ണമായും ഉപയോഗിക്കത്തരീതിയിലാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 200 കിടക്കകളും, പേ വാര്‍ഡും, പാര്‍ക്കിംഗ് സൗകര്യവും വിശാല മായ ഓഫീസ് വിഭാഗവും ഉള്‍പ്പെടുന്ന അഞ്ച് നില കെട്ടിടത്തിനാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പത്ത് ക്വാട്ടേഴ്‌സും അനുബന്ധ സൗകര്യങ്ങളും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒ.പി കൗണ്ടര്‍, എക്‌സറേ യൂണിറ്റ് ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും .ഗവണ്‍മെന്റ് സഹയത്തോടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ്സ് യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും. പോസ്റ്റുമോര്‍ട്ടം യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആശുപത്രി ഹാളില്‍ ചേരുന്ന യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ, വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോണി കുളംപളളി, തോമസ് മൈക്കിള്‍ ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നികല്ലുപുരയിടം മുന്‍ ചെയര്‍മാന്‍ മനോജ് എം. തോമസ് താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ആര്‍ സജി, ജോയി പെരുന്നോലി, മനോജ് മുരളി, കെ.എസ് രാജന്‍, വി.കെ ശശി, ചെറിയാന്‍ പി. ജോസഫ്, ഡോ ശ്രീകാന്ത് എന്നിവര്‍ സംസാരിക്കും.
- Log in to post comments