Skip to main content

കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

പ്ലാസ്റ്റിക് മാലിന്യമുക്ത യജ്ഞത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത കെ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലും തുടർന്ന് ഒരു ഗ്രാമപഞ്ചായത്തിലെ രണ്ട് സ്‌കൂളുകളിലും പദ്ധതി ആരംഭിക്കും. മാലിന്യ സംസ്‌ക്കരണത്തെകുറിച്ചും ഉറവിടത്തിൽ വെച്ചുളള തരംതിരിവിനെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുളള ടീഷർട്ട് ജില്ലാ കളക്ടർ സ്‌കൂളിന് കൈമാറി. ജില്ലാ ശുചിത്വമിഷൻ വിതരണം ചെയ്യുന്ന തുണി സഞ്ചി വിതരണം ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് സ്‌കൂൾ എസ്പിസി കാഡറ്റ് ആൻസിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ശുഭ ടി എസ്, ജില്ലാ പഞ്ചായത്തംഗം ലില്ലി ഫ്രാൻസീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ചന്ദ്രൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ടി ആർ ഷീജ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് മധുമിത എന്നിവർ പങ്കെടുത്തു.

date