ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ശിലാസ്ഥാപനം 14 ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഇലക്ട്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബ്ലോക്ക് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ നടക്കുന്ന ശിലാസ്ഥാപനത്തില്‍ പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനാകും.
അഞ്ച് നിലകളിലായി 2385.77 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ 20 ക്വാര്‍ട്ടേഴ്സുകളാണ് ഉള്‍ക്കൊള്ളുക. ഓരോ നിലകളിലും നാല് വീതം ക്വാര്‍ട്ടേഴ്സുകളും ഓരോ ക്വാര്‍ട്ടേഴ്സിലും രണ്ട് ബെഡ്റൂം, ഡ്രോയിംഗ് റൂം, ഡൈനിംഗ് റൂം, അടുക്കള, ടോയ്ലറ്റ്, വരാന്ത എന്നിവയും പൊതുവായ ഇടനാഴികള്‍, ജെനറേറ്റര്‍ റൂം, സ്റ്റെയര്‍ റൂം, ലി്ഫ്റ്റ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 5.25 കോടി രൂപയ്ക്കാണ് കൈറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ഡെവലപ്മെന്റ് കരാര്‍ എടുത്തിരിക്കുന്നത്. 24 മാസത്തിനുള്ളില്‍ കരാര്‍ പൂര്‍ത്തിയാക്കും.
ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളുടെ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബ്ലോക്ക് നിര്‍മിക്കുന്നത്. 6.68 കോടി ചെലവില്‍ 4570 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടം 18 മാസത്തിനകം പൂര്‍ത്തിയാക്കും. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സാണ് കരാറുക്കാര്‍. ഏഴ് ലാബുകള്‍, നാല് ക്ലാസ് മുറികള്‍, എട്ട് സ്റ്റാഫ് മുറികള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സെമിനാര്‍ ഹാള്‍, വിശ്രമ മുറികള്‍, ഇടനാഴികള്‍, ശുചിമുറികള്‍, സ്റ്റെയര്‍ റൂം, ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെ പാര്‍ക്കിംഗ് ഏരിയ, ജെനറേറ്റര്‍ റൂം, സ്പോര്‍ട്സ് സ്റ്റോര്‍, ജെനറല്‍ സ്റ്റോര്‍ എന്നിവയും ഒരുക്കും. പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments