ഹരിത ദൃഷ്ടി മൊബൈല്‍ അപ്ലിക്കേഷന്‍ പരിശീലനം ആരംഭിച്ചു
ഹരിത കേരളം മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹരിത ദൃഷ്ടി മൊബൈല്‍ അപ്ലിക്കേഷന്‍ പരിശീലനം ആരംഭിച്ചു. ഒക്ടോബര്‍ 18 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് പരിശീലനം നടക്കുക. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച പരിശീലനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു പരിപാടിയില്‍ അധ്യക്ഷനായി.
ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് ഹരിത ദൃഷ്ടി. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട ജല ഉപമിഷന്‍, ശുചിത്വമിഷന്‍, കൃഷി ഉപമിഷന്‍ എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ജിയോ ടാഗ് ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നു. ഇതുവഴി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളിലെയും ജലനില വിലയിരുത്താന്‍ സാധിക്കും. ജല ഉറകളുടെ പരിപാലനത്തിനു പുറമേ കൃഷി, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും കാര്യക്ഷമമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ട്രിപ്പിള്‍ ഐ.ടി.എം. കെയാണ് ഹരിത ദൃഷ്ടി മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തത്.
ഇന്ന് (ഒക്ടോബര്‍ 15) അട്ടപ്പാടി, നെന്മാറ ബ്ലോക്ക് പഞ്ചായത്തിലും 16 ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലും 17 ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 18 ന് കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് ഹാള്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് , തൃത്താല ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും, 19 ന് നല്ലേപ്പിള്ളി, കൊടുമ്പ്, ഗ്രാമ പഞ്ചായത്ത് ഹാളിലും , ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലും, 21 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലും പരിശീലനം നടക്കും. ജനകീയാസൂത്രണം ജില്ലാതല ഫെസിലിറ്റേറ്റര്‍ സജീവ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ജെയ്സി സീമണ്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments