ശബരി ആശ്രമം രക്തസാക്ഷ്യം സ്മൃതി മണ്ഡപം ശിലാസ്ഥാപനം ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി നിര്‍വഹിക്കും
മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്ത ചരിത്രപ്രസിദ്ധമായ അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മണ്ഡപം ശിലാസ്ഥാപനം മുഖ്യമന്ത്രി ഒക്ടോബര്‍ 21 ന് രാവിലെ 10 .30 ന് നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ - പിന്നോക്കക്ഷേമ - നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും.
അഞ്ചു കോടി ചെലവില്‍ സാംസ്‌കാരികവകുപ്പാണ് സ്മൃതി മണ്ഡപം നിര്‍മ്മിക്കുന്നത്. ആശ്രമം ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ചിട്ടുണ്ട്. കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് ശബരി ആശ്രമം. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സന്ദര്‍ശിച്ച സ്ഥലം കൂടിയാണ് ശബരി ആശ്രമം. 1923 ല്‍് ടി. ആര്‍. കൃഷ്ണസ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ശബരി ആശ്രമം സ്ഥാപിച്ച ടി.ആര്‍ കൃഷ്ണസ്വാമി അയ്യരുടെ കുടുംബാംഗങ്ങളെയും സ്ഥലം വിട്ടുനല്‍കിയ അപ്പു യജമാനന്റെ കുടുംബാംഗങ്ങളെയും 'ആദരായനം' പരിപാടിയില്‍ ആദരിക്കും. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ ഗാന്ധി അനുസ്മരണം നടത്തും.
വി. കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. കെ. നാരായണദാസ്, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, ഹരിജന്‍ സേവക് സമാജം കേരള ഘടകം ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, വാര്‍ഡ് അംഗം എസ്.ഷിജു, ആശ്രമം സെക്രട്ടറി ടി.ദേവന്‍ എന്നിവര്‍ സംസാരിക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30 ന് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന മാണിക്യകല്ല് നാടന്‍ പാട്ടുകള്‍ അരങ്ങേറും.
രക്തസാക്ഷ്യം സ്മൃതി മണ്ഡപം
ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സ്മൃതിമണ്ഡപം നിര്‍മ്മിക്കുന്നത്. രണ്ടു കോടി 60 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത്. ശബരി ആശ്രമത്തിലെ ചുറ്റുപാടുകളും മരങ്ങളും പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും നിര്‍മ്മാണം നടത്തുക. ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്ര അടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയാണ് നിര്‍മ്മിക്കുന്നത്.
ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗി മുറി, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഹാള്‍ , ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും 4 ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്‍. രണ്ടാം ഘട്ടത്തിലാണ് സെമിനാര്‍ ഹാളും ലൈബ്രറിയും പൂര്‍ത്തിയാക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ മൊത്തം ചെലവ് അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
- Log in to post comments