ഓടകളിലേക്ക് മാലിന്യം ഒഴുക്കിയാല്‍ നടപടി: ജില്ലാ കളക്ടര്‍
വീടുകള്‍, ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓടകളിലേക്കും ജലാശയങ്ങളിലേക്കും തുറന്നു വച്ചിട്ടുള്ള മാലിന്യക്കുഴലുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു നിര്‍ദേശിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ തദ്ദേശ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.
കളക്ടറേറ്റില്‍ ആരോഗ്യജാഗ്രതാ ഇന്‍റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെങ്കിലും മഴ ശക്തമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മഞ്ഞപ്പിത്തം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കണം.
ഓടകളിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പും കുടിവെള്ള പൈപ്പുകളില്‍ മാലിന്യം കലരുന്നത് തടയാന്‍ ജല അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണം.
വൈക്കം നഗരസഭാ പരിധിയിലെ കോലോത്തുംകടവില്‍ മത്സ്യ മാര്‍ക്കറ്റില്‍ അടുക്കിവെച്ചിരിക്കുന്ന പെട്ടികളില്‍ മഴവെള്ളം നിറഞ്ഞ് കൊതുകു വളരുന്നത് ഒഴിവാക്കാന്‍ മേല്‍ക്കൂര സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റിക്കും ഫിഷറീസ് വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്ഥലം സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കണം.
കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളും ഹോട്ടലുകളിലെയും തട്ടുകടകളിലെയും ഭക്ഷണം, വെള്ളം എന്നിവയും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ കേന്ദ്രത്തിലും കോട്ടയം മുനിസിപ്പാലിറ്റിയിലും മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും പൊതു സ്ഥലത്ത് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍ 1687/19)
- Log in to post comments