Skip to main content

വട്ടവട മോഡല്‍ വില്ലേജ് നിര്‍മ്മാണം: പുരോഗതി വിലയിരുത്തി

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വട്ടവട മോഡല്‍ വില്ലേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ  സാന്നിധ്യത്തില്‍  മൂന്നാറില്‍ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍  നടത്തിയത്. 11.21 കോടി രൂപയുടെ പദ്ധതി  വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. നിര്‍മ്മാണത്തിന്റെ ഭാഗമായി നിലനിന്നിരുന്ന  തടസ്സങ്ങള്‍ അടിയന്തരമായി നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എംഎല്‍ എ നിര്‍ദ്ദേശം നല്‍കി. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
108 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ അടിത്തറ കെട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നിര്‍മ്മാണ ചുമതലയുള്ള ഹാബിറ്റേറ്റിന്റെ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ദേവികുളം സബ് കളകടര്‍ പ്രേം കൃഷ്ണന്റെ  നേതൃത്വത്തില്‍ വിലയിരുത്തും. യോഗത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍, ഡിറ്റി പി സി സെക്രട്ടററി ജയന്‍ പി വിജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി രാമരാജ്, സെക്രട്ടറി നന്ദകുമര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date