കോടിക്കുളം : ലൈഫ് മിഷനിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത്*
കേരള സർക്കാരിന്റെ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽപെടുത്തി നിർമാണം പൂർത്തിയാക്കിയ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും താക്കോൽ ദാനം കോടിക്കുളം സെന്റ് ആൻസ് പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു. ജില്ലയിൽ ആദ്യമായി ലൈഫ് മിഷൻ പദ്ധതിയിൽ100% ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി കോടിക്കുളത്തിന് ലഭിച്ചു. ഇതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. പരിപാടിയിൽ പി ജെ ജോസഫ് എം എൽ എ അധ്യക്ഷനായിരുന്നു.
കോടിക്കുളം ഗ്രാമപഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത് എന്നും ഗ്രാമപ്പഞ്ചായത്തിനെ സംബന്ധിച്ച് ഇതൊരു അഭിമാനകരമായ നേട്ടമാണ് എന്നും എം എം മണി പറഞ്ഞു.
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 55 പേരടങ്ങുന്ന ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും അർഹതാ പരിശോധനയിലൂടെ 38 കുടുംബങ്ങളെ കണ്ടെത്തി എല്ലാ വീടുകളും ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് വാസയോഗ്യം ആക്കുകയും ചെയ്തത് വഴിയാണ് കോടിക്കുളം പഞ്ചായത്ത് ജില്ലയിലെ മുഴുവൻ വീടുകളും പൂർത്തീകരിച്ച് ആദ്യ പഞ്ചായത്ത് എന്ന ബഹുമതി നേടിയത്.
ജനറൽ വിഭാഗത്തിൽ 35 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽ പെട്ട 3 കുടുംബങ്ങൾക്കും ആണ് രണ്ടാംഘട്ടത്തിൽ ഭവനങ്ങൾ ലഭ്യമാക്കിയത്. ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ അനുവദിച്ച 4 ലക്ഷം രൂപയ്ക്ക് പുറമേ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 90 ദിവസത്തെ തൊഴിൽ ദിനങ്ങൾ കൂടി ലഭ്യമാക്കിയതിലൂടെ 24390 രൂപ കൂടി ഗുണഭോക്താവിന് അധികമായി ലഭിച്ചു. വിവിധ കാരണങ്ങളാൽ സ്വന്തമായി വീട് പൂർത്തീകരിക്കാൻ സാധിക്കാത്ത ഗുണഭോക്താക്കളുടെ വീടുകൾ ഭരണസമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിച്ചു. ലൈഫ് പദ്ധതി പ്രകാരം 1 കോടി 52 ലക്ഷം രൂപയാണ് ഭവനനിർമാണത്തിനായി ചെലവഴിച്ചത്. പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് 2 കോടി 77 ലക്ഷത്തോളം രൂപയാണ് പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്.
കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് മഞ്ചേരിൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു മാത്യു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പ്രസന്നൻ, കോടിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എമിലി ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെയ്‌സമ്മ പോൾസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൂസി ജയിംസ്, വിവിധ പഞ്ചായത്ത് മെമ്പർമാർ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ പ്രവീൺ, വില്ലേജ് ഓഫീസർ ഹംസ പി എ, വിഇഒ ലസീല പി എസ്, കോടിക്കുളം പള്ളി വികാരി ഫാദർ ജോസ് കണ്ടത്തിൽ, ലൈഫ്മിഷൻ പ്രൊജക്ടർ ഡയറക്ടർ സുരേന്ദ്രൻ, കോടിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഗസ്റ്റിൻ വി എ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments