Skip to main content

ഫിഷ് മാള്‍ നിര്‍മാണം ആരംഭിച്ചു

 

    മത്സ്യ വിപണി ആരോഗ്യകരമാക്കാന്‍ വാമനപുരം പഞ്ചായത്തില്‍ ആധുനിക ഫിഷ് മാള്‍ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട്  ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലാണ് ഫിഷ് മാള്‍ നിര്‍മിക്കുന്നത്. വില്പനക്കാര്‍ക്ക്  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്നതാണ് ഫിഷ് മാള്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

    മേല്‍ക്കൂര, മത്സ്യം നിരത്തി വച്ചു വില്‍ക്കാന്‍ ടൈല്‍ പാകിയ  സ്ലാബുകള്‍, ഇരിപ്പിടം, മറ്റ്  സൗകര്യങ്ങള്‍ എന്നിവയോടു കൂടിയതായിരിക്കും മാള്‍. മത്സ്യമാര്‍ക്കറ്റുകളിലെ  സ്ഥിരം പ്രശ്നമായ അഴുക്കുവെള്ളവും  ദുര്‍ഗന്ധവും ഇല്ലാതാക്കുകയെന്നതും വൃത്തിയുള്ള ചുറ്റുപാടില്‍  മത്സ്യം  വാങ്ങാന്‍ സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം.

    20 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മാളില്‍  24 പേര്‍ക്ക് ഒരേ സമയം  വില്‍പ്പന നടത്താനാകും. നൂറു കാണക്കിന് ആളുകള്‍ എത്തുന്ന മാര്‍ക്കറ്റ്  നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ്  പ്രവര്‍ത്തിക്കുന്നത്. സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. മാര്‍ക്കറ്റിന്റെ നവീകരണം ലക്ഷ്യം വച്ചുള്ള  ബയോഗ്യാസ് പ്ലാന്റിന്റെ  നിര്‍മാണവും ഉടന്‍ തുടങ്ങും. ഇതിനായി ആറ് ലക്ഷം രൂപ വകയിരുത്തി.
(പി.ആര്‍.പി. 1266/2019)

 

date