Skip to main content
ചെറുതോണി പോലീസ് അസോസ്സിയേഷന്‍ ഹാളില്‍ നടന്ന സ്‌നേഹിത കോളിംഗ്‌ബെല്‍ ആന്റ് ഫ്രണ്ട്‌സ് അറ്റ് ഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡീഷണല്‍ എസ്.പി പി.സുകുമാരന്‍ നിര്‍വഹിക്കുന്നു.

അശരണര്‍ക്ക് കൈത്താങ്ങായി 'കുടുംബശ്രീ'ക്കൊപ്പം 'കുട്ടിപോലീസും'

സമൂഹത്തില്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന  സ്നേഹിത കോളിംഗ് ബെല്‍ ആന്റ് ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി പോലീസ് അസോസിയേഷന്‍ഹാളില്‍  അഡീഷണല്‍ പോലീസ് സൂപ്രണ്ട്  പി.സുകുമാരന്‍ നിര്‍വഹിച്ചു. കുട്ടികളില്‍ അച്ചടക്കവും, ശാരീരികവും മാനസികവുമായ വളര്‍ച്ചയും, ലഹരിക്കെതിരെ പുതുതലമുറയില്‍ അവബോധമുണ്ടാക്കാനും സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സിന് കഴിയുന്നുണ്ടെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഉപദേശകരുടെ എണ്ണം കൂടുകയും പ്രവര്‍ത്തകരുടെ എണ്ണം കുറയുകയുമാണ്. എസ്.പി.സി പോലുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മകളാണ് പ്രവര്‍ത്തനസജ്ജമായ യുവതലമുറയെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

കുടുംബശ്രീ ജില്ലാമിഷനും സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ എസ്.പി.സി അംഗങ്ങള്‍ സ്‌നേഹിത കോളിംഗ് ബെല്‍ സേവന സ്വീകര്‍ത്താക്കളുടെ ഭവന സന്ദര്‍ശനം നടത്തി സാമൂഹിക പിന്തുണ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക ഇടപെടലിനുള്ള അവസരം, സാമൂഹിക അവബോധം സൃഷ്ടിക്കുക, വിവിധ തലമുറകളുടെ കൂട്ടായ്മ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ച് കുടുംബശ്രീയാണ് സ്നേഹിത കോളിംഗ്ബെല്‍ നടപ്പാക്കിയിരുന്നത്. കുട്ടികളില്‍ സാമൂഹ്യപ്രതിബദ്ധതയും സഹായമനസ്‌കതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്‍സ് പോലീസിനെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുമായി സഹകരിച്ചാണ് ജില്ലയില്‍ ആദ്യഘട്ട പരിപാടി  നടത്തുന്നത്.

ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ  സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സെല്‍ (ഇന്‍ചാര്‍ജ്) സബ് ഇന്‍സ്പെക്ടര്‍ എസ്.ആര്‍ സുരേഷ് ബാബു, കുടുംബശ്രി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് ടി.ജി, അസിസ്റ്റന്റ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എ, വാഴത്തോപ്പ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിജി ബാബു എന്നിവര്‍ സംസാരിച്ചു.
 

date