Skip to main content

വടകര പാര്‍ലമെന്റ് മണ്ഡലം; പ്രാദേശിക വികസന പദ്ധതി അവലോകന യോഗം

 

 

വടകര പാര്‍ലമെന്റ് മണ്ഡലം എം. പി കെ മുരളീധരന്‍, മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ മുരളീധരന്‍ എംപി അനുവദിച്ച പ്രവൃത്തികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

 

മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് അനുവദിച്ച 80 പദ്ധതികളാണ് മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ബാക്കിയുള്ളത്. ഇതില്‍ പല പദ്ധതികളും നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇവ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റ് സാങ്കേതിക തടസങ്ങളില്‍പ്പെട്ടു നില്‍ക്കുന്ന പദ്ധതികളും എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളെടുക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, നിര്‍വഹണ  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

പ്രീ മാരിറ്റൽ കൗൺസലിംഗ് കോഴ്സ് തുടങ്ങി 

 

പുതു തലമുറയ്ക്ക് കുടുംബത്തെ കുറിച്ചും വൈവാഹിക ജീവിതത്തെ കുറിച്ചും ശാസ്ത്രീയവും ധാർമികവുമായ അറിവു ലഭിക്കുന്നതിനു പ്രീ മാരിറ്റൽ കൗൺസലിംഗ് കോഴ്സ്  അനിവാര്യമാണെന്നു എം കെ. രാഘവൻ എം.പി പറഞ്ഞു. കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ  വകുപ്പും  എം.എസ്.എസ്. ചക്കുംകടവും സംയുക്തമായി സംഘടിപ്പിച്ച പ്രീമാരിറ്റൽ കൗൺസലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഇത്തരം കോഴ്സുകൾക്ക് സാധിക്കുമെന്ന് എം.കെ.രാഘവൻ  ചൂണ്ടിക്കാട്ടി. നാല് ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിന്റെ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്. നവം.23, 24, 30, ഡിസം. 1 തിയതികളിലാണ് കോഴ്സ്. 

യൂനിറ്റ് പ്രസിഡണ്ട് സി.പി.എം സഈദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ എം എസ് എസ് സെക്രട്ടറി ആർ.പി. അഷറഫ് മുഖ്യതിഥി യായിരുന്നു.  കൗൺസിലർ മാരായ അഡ്വ.സി.കെ. സീനത്ത് , പി. അനിത,  കെ.വി. നിയാസ്,  സി.സി. റുബീന, ആർ.വി. സാഹിത, പി. അഹമ്മത് സക്കീർ, എസ്.കെ.വി. യാക്കൂബ് എന്നിവർ സംസാരിച്ചു.

 

 

ഊര്‍ജോത്സവം നവംബര്‍ 25 മുതല്‍

 

വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്താന്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ച സ്മാര്‍ട് എനര്‍ജി പ്രോഗ്രാമിന് നവംബര്‍ 25 ന് ജില്ലയില്‍ തുടക്കമാകും. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി, കുന്നമംഗലം, മുക്കം, ഉപജില്ലകളിലെ വിദ്യാലയങ്ങള്‍ക്കുള്ള ഊര്‍ജോത്സവം നവംബര്‍ 25 ന് ഉച്ചയ്ക്ക് 1.45 മുതല്‍ കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ബാലുശ്ശേരി, പേരാമ്പ്ര, താമരശ്ശേരി ഉപജില്ലകളിലെ ഊര്‍ജോത്സവം 26  ഉച്ചയ്ക്ക് 1.45 മുതല്‍ ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഊര്‍ജോത്സവം 27 ന് ഉച്ചയ്ക്ക് രാമകൃഷ്ണമിഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും നടത്തും. 

 

വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര, മേലടി,  കൊയിലാണ്ടി, തോടന്നൂര്‍ ഉപജില്ലകളിലെ ഊര്‍ജോത്സവം പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ മൂന്നിന് 1.45 മുതലും നാദാപുരം, കുന്നുമ്മല്‍, ചോമ്പാല ഉപജില്ലകളിലെ ഊര്‍ജോത്സവം ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 1.45 മുതല്‍ നാദാപുരം ജി.യു.പി.സ്‌കൂളിലും നടത്തും.

 

യു.പി, ഹൈസ്‌കൂള്‍, എല്‍.പി വിഭാഗത്തിന് വെവ്വേറെ നടത്തുന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും ഊര്‍ജ ക്വിസ് മത്സരത്തിന് രണ്ട് വിദ്യാര്‍ഥികള്‍ക്കും കാര്‍ട്ടൂണ്‍ രചന, ഉപന്യാസരചന എന്നിവയ്ക്ക്  ഓരോ കുട്ടിക്കും പങ്കെടുക്കാം. എല്‍.പി.വിഭാഗത്തിന് ചിത്ര രചനയ്ക്ക് ഒരു കുട്ടി പങ്കെടുക്കണം. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓരോ വിഭാഗത്തില്‍ നിന്നും ഒരു ടീച്ചറും പങ്കെടുക്കണം. 

 

കാര്‍ട്ടൂണ്‍ മത്സരം- കാര്‍ബണ്‍ ന്യൂട്രല്‍ ലൈഫ് സ്‌റ്റൈല്‍ (കാര്‍ബണ്‍ സന്തുലിത ജീവിതരീതി ) എന്ന വിഷയത്തിലും ഉപന്യാസം- റീ ബില്‍ഡിങ്ങ് ആന്‍ എനര്‍ജി എഫിഷ്യന്റ് കേരള ( ഊര്‍ജ്ജക്ഷമതയേറിയ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി) എന്ന വിഷയത്തിലും എല്‍.പി.വിഭാഗം ചിത്രരചന- ഊര്‍ജവും പരിസ്ഥിതിയും എന്ന വിഷയത്തിലുമാണ്. ജില്ലാ വിജയികള്‍ക്ക് കേരള വിദ്യാര്‍ത്ഥി ഊര്‍ജ്ജ കോണ്‍ഗ്രസില്‍ പങ്കെടുക്കാം. സ്‌കൂളിന്റ പേരും പങ്കെടുക്കുന്നവരുടെ പേരും 8848266304 എന്ന നമ്പറിലേക്ക് വാട്‌സപ്പ്, എസ്.എം.എസ് അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9495528091.

 

സംരംഭകര്‍ക്കായി ടെക്‌നോളജി ക്ലിനിക് പ്രോഗ്രാം

 

നിലവില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ ടെക്‌നോളജി ക്ലിനിക് പ്രോഗ്രാം നടത്തുന്നു. താല്പര്യമുള്ള സംരംഭകര്‍ ഈ മാസം 28 നകം വെള്ളയില്‍ ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ കൊയിലാണ്ടി, വടകര താലൂക്ക് വ്യവസായ ഓഫീസുകളിലോ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ 0495-2765770, 2766563. 

 

 

സൗജന്യ മത്സര പരീക്ഷാപരിശീലനം സി.ഡി.സിയില്‍

 

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ നടത്തുന്ന പി.എസ്.സി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ സൗജന്യ മത്സരപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി.ഡി.സി ഓഫീസില്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0496-2615500.

 

സി-ഡിറ്റില്‍ സൗജന്യ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കി  വരുന്ന സൈബര്‍ശ്രീയുടെ ഹരിപ്പാട് സബ്ബ് സെന്ററില്‍ ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് എന്നീ ആറുമാസത്തെ സൗജന്യ പരിശിലന പദ്ധതികളിലേക്ക് പട്ടികജാതി  വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നാമത്തെ പരിശീലനത്തിന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തികരിച്ചവര്‍ക്കോ/ഡിപ്ലോമ/ബിരുദം നേടിയിട്ടുളളവര്‍ക്കോ അപേക്ഷിക്കാം. രണ്ടാമത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

 

26 വയസ്സിനുളളിലുളളവര്‍ക്ക് പരിശീലനത്തില്‍ ചേരാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 4500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ആറ് മാസമാണ് സൗജന്യ പരിശീലന കാലാവധി. വിശദ വിവരങ്ങള്‍ക്ക് www.cybesrri.org. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 30 നകം സൈബര്‍ശ്രീ, സി-ഡിറ്റ് സബ് സെന്റര്‍, 15/386, കെസിടി വര്‍ക്ക്ഷോപ്പിന് സമീപം, ഗ്ലോബല്‍ മെഡിക്കല്‍ സെന്റര്‍ ബില്‍ഡിംഗ്, വെട്ടുവേനി, ഹരിപ്പാട്, ആലപ്പുഴ 690514   എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഇ.മെയില്‍ cybesrricdit@gmail.com. ഫോണ്‍ : 0479-2414152, 9447637226.

 

date