Skip to main content

ലൈഫ് പദ്ധതി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു -മന്ത്രി ടി.പി രാമകൃഷ്ണന്‍

 

സര്‍ക്കാരിന്റെ നാല്  മിഷനുകളിലൊന്നായ ലൈഫ്മിഷന്‍ പദ്ധതി സംസ്ഥാനത്തെ പാവപ്പെട്ടവരുടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതായി എക്‌സൈസ് _ തൊഴില്‍ വകുപ്പ്  മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു. വേളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 107 വീടുകളുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതി പ്രകാരം  സംസ്ഥാനത്ത് 53000 കുടുംബങ്ങള്‍ക്ക് വീട് നല്‍കി കഴിഞ്ഞു. ഇനി പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിക്കുന്ന 56 ഭവന സമുച്ചയങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.  ലൈഫ് പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍  പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. അര്‍ഹതപ്പെട്ട എല്ലാ വര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വേളം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌ക്കരണ രംഗത്തും മാതൃകയാണ്. വേളത്ത് ഒരു മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങണം. പ്ലാന്റ് നിര്‍മാണത്തില്‍ യാതൊരു ആശങ്കയും ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതില്ലെന്നും ശാസ്ത്രീയ സംസ്‌ക്കരണ രീതിയാണ് പ്ലാന്റുകളില്‍ അവലംബിക്കുന്നതെന്നും മന്ത്രി പറഞ്ഞു.                 വേളം പത്താം വാര്‍ഡിലെ മാമ്പ്രമലയില്‍ നാരായണിക്ക് ആദ്യ താക്കോല്‍ ചടങ്ങില്‍ മന്ത്രി നല്‍കി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആറര കോടി രൂപ വിനിയോഗിച്ചണ്  107 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാലിന്യ മുക്ത വേളം പ്രഖ്യാപനം കെ മുരളീധരന്‍ എം പി  നിര്‍വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ള സ്വാഗതം പറഞ്ഞു .കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷനായി. പഞ്ചായത്ത് അസി.സെക്രട്ടറി എം ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എം ഷിജിന, വികസന കാര്യ ചെയര്‍മാന്‍ ബഷീര്‍ മാണിക്കോത്ത്, ആരോഗ്യം വിദ്യാഭ്യാസ ചെയര്‍മാന്‍ കെ കെ അന്ത്രു മാസ്റ്റര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു

 

 

വടകര പാര്‍ലമെന്റ് മണ്ഡലം;

പ്രാദേശിക വികസന പദ്ധതി അവലോകനയോഗം

 

വടകര പാര്‍ലമെന്റ് മണ്ഡലം എംപി കെ മുരളീധരന്‍, മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ മുരളീധരന്‍ എംപി അനുവദിച്ച പ്രവൃത്തികള്‍  നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം യോഗം നല്‍കി.

 

മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് അനുവദിച്ച 80 പദ്ധതികളാണ് മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ബാക്കിയുള്ളത്. ഇതില്‍ പല പദ്ധതികളും നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇവ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റ് സാങ്കേതിക തടസങ്ങളില്‍പ്പെട്ടു നില്‍ക്കുന്ന പദ്ധതികളും എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളെടുക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കെ. മുരളീധരന്‍ എം പി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, ബന്ധപ്പെട്ട നിര്‍വഹണ  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

വിദ്യാലയങ്ങളില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉടന്‍  നടപ്പിലാക്കണം

 

സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട്  വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അടിയന്തരമായി നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ഉടന്‍ തന്നെ എല്ലാ വിദ്യാലയങ്ങളിലും പി. ടി. എ യോഗം ചേരണമെന്നും  അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്ത്  സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള പ്രവൃത്തികള്‍  പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാടുകള്‍ വെട്ടി മാറ്റുക , ക്ലാസ്മുറി, മതില്‍,  ടോയ്ലറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ദ്വാരങ്ങളും വിള്ളലുകളും ഉണ്ടെങ്കില്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കുക, മാലിന്യം നീക്കം ചെയ്യുക, ചെരുപ്പ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുക, ക്ലാസ് കഴിഞ്ഞാല്‍ മുറികളുടെ വാതിലും ജനലും പൂട്ടി ഭദ്രമാക്കുക, കുട്ടികളുടെ അസ്വസ്ഥതകള്‍ കേട്ട് അവയില്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ  നിര്‍ദേശങ്ങള്‍.

 

 

ക്ഷേമപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പുതുക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യം

 

 

സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്  ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തില്‍  ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തരം തിരിച്ചിരിക്കുകയാണ്. ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഒന്നാം ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് മസ്റ്ററിംഗ് നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ മസ്റ്ററിംഗ് നടത്തുവാന്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം അക്ഷയ സംരംഭകരുടെ സഹകരണത്തോട് കൂടി വാര്‍ഡ് അടിസ്ഥാനത്തില്‍ ക്യാമ്പുകളും ജില്ലയില്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വാര്‍ഡ് അംഗങ്ങളില്‍നിന്നോ തദ്ദേശ സ്വയംഭരണ സ്ഥപനത്തില്‍ നിന്നോ ലഭ്യമാവും. 

 

അക്ഷയ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം നടത്തുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍  എത്തിച്ചേരാനാവാത്ത കിടപ്പുരോഗികളുടെ വീട്ടിലെത്തി അക്ഷയ കേന്ദ്രം സംരംഭകര്‍  ഡിസംബര്‍ 1 മുതല്‍ 5 വരെ മസ്റ്ററിംഗ് നടത്തും. ഇതിനായി വീട്ടില്‍ പെന്‍ഷന് അര്‍ഹരായ കിടപ്പുരോഗികളുണ്ടെങ്കില്‍ വാര്‍ഡ് അംഗത്തെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ഇതിനായി പട്ടിക ക്രോഡീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

നിലവില്‍  ഡിസംബര്‍ 15 വരെ മസ്റ്ററിംഗ് നടത്തുവാനുള്ള സൗകര്യം ഉണ്ട്. അതിനാല്‍  ഗുണഭോക്തക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ക്കും വിവരങ്ങള്‍ക്കും അക്ഷയ ജില്ല പ്രൊജക്റ്റ് ഓഫീസിന്റെ  0495 2304775 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

 

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 11ാം വാര്‍ഡ് ഹരിത സമൃദ്ധി വാര്‍ഡാകുന്നു

 

 

മുഴുവന്‍ ജനങ്ങളെയും കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക് കൊണ്ട് വരുന്നതിനും അടുക്കള പച്ചക്കറി തോട്ടം, തരിശ് നിലം കൃഷി എന്നിവ പ്രോത്സാഹിപ്പിച്ച് വീട്ടുകാര്‍ക്ക് ആവശ്യമായ പച്ചക്കറികളും ഫലവര്‍ഗങ്ങളും സ്വന്തമായി ഉത്പ്പാദിപ്പിച്ച് ഹരിത സമൃദ്ധി വാര്‍ഡായി പതിനൊന്നാം വാര്‍ഡിനെ മാറ്റുന്നത്തിനുള്ള പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുകയാണ്. ഹരിത കേരള മിഷന്‍, ക്യഷി ഭവന്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി പച്ചക്കറി വിത്തുകള്‍ എല്ലാ വീട്ടുകാര്‍ക്കും സൗജന്യമായിനല്‍കി പരിശീലനം നല്‍കും. രണ്ട് ഹെക്ടര്‍ തരിശ് സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കും. ടെറസ്സ് പച്ചക്കറി  പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ക്ലസ്റ്ററുകള്‍ രുപീകരിച്ചു. കൃഷി ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി ജൈവ പച്ചക്കറി ഷോപ്പ് ആരംഭിക്കും. മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്ന നടീല്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഇതിനായി എല്ലാ അംഗങ്ങളുടെയും യോഗം വിളിച്ച് ചേര്‍ക്കുന്നതിനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന ആലോചന യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന രയരോത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കൃഷി ഓഫീസര്‍ സിന്ധു, കൃഷി അസിസ്റ്റന്റ് നാരായണന്‍ ,കുടുംബശ്രീ സി ഡി എസ് അംഗം അനിത എന്നിവര്‍ സംസാരിച്ചു. വിപുലമായ വാര്‍ഡ് തല സമിതി രൂപീകരിച്ച് 3 മാസത്തിനകം ഹരിത സമൃദ്ധി  പ്രദേശമാകുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖ യോഗം അംഗീകരിച്ചു. നന്നായി കൃഷി ചെയ്യുന്ന വ്യക്തികള്‍ക്കും  ഗ്രൂപ്പുകള്‍ക്കും അവാര്‍ഡ് നല്‍കും.

 

 

ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 

സുരക്ഷ പരിശോധന

 

 

വയനാട് ജില്ലയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി  പാമ്പുകടിയേറ്റ്  മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ചു  ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

 

 ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ എല്ലാ  പ്രൈവറ്റ് സ്‌കൂളുകളിലും ഉള്‍പ്പെടെ  പരിശോധന നടത്തും. കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളില്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി വിഭാഗവും മറ്റു സ്‌കൂളുകളില്‍ എന്‍. എസ്.എസ്  ടെക്‌നിക്കല്‍ വിഭാഗവുമാണ് പരിശോധന നടത്തുക. ഒരാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഓരോ പഞ്ചായത്തിലെയും വിദ്യാലയങ്ങളുടെ ലിസ്റ്റ് അതാതു പഞ്ചായത്ത് സെക്രട്ടറിമാര്‍ നിയോഗിക്കപ്പെട്ട പരിശോധന ടീമിന് നല്‍കണം. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ എസ് ജി ഡി എഞ്ചിനീയറും  സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍ സ്‌കൂള്‍ മാനേജര്‍മാരും അടിയന്തിര നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും തുടര്‍ന്നു പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.

 

യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി  മിനി, തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വി അബ്ദുള്‍ ലത്തീഫ്, എന്‍.എസ്.എസ് യൂണിവേഴ്‌സിറ്റി വിഭാഗം കോര്‍ഡിനേറ്റര്‍ കെ. ഷാഫി, ഹയര്‍സെക്കന്‍ഡറി വിഭാഗം കോര്‍ഡിനേറ്റര്‍ എന്‍. ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ എ അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

 

date