Skip to main content

കൊല്ലം വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാഘോഷം: 
മന്ത്രി പി. തിലോത്തമന്‍ പതാക ഉയര്‍ത്തും

ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26ന് രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തും.
പോലീസ്, എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനവും ഡിസ്‌പ്ലേയും നടത്തും.
പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളും പ്രകൃതി സൗഹൃദമല്ലാത്ത മറ്റു വസ്തുക്കളും ഒഴിവാക്കണമെന്നും ചടങ്ങില്‍ എല്ലാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി. ആര്‍. കെ.165/18)

ദേശീയ സമ്മതിദായക ദിനാഘോഷം ജനുവരി 25ന്
    ദേശീയ സമ്മതിദായക ദിനാഘോഷം ജില്ലാതല പരിപാടികള്‍ ജനുവരി 25ന് രാവിലെ 11ന് തേവള്ളി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷനാകും. നവവോട്ടര്‍മാര്‍ക്കുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് സബ് കലക്ടര്‍ ഡോ. എസ്. ചിത്ര  വിതരണം ചെയ്യും. ശാസ്താംകോട്ട ഡി.ബി കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ. മോഹനകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സിനിമ, സീരിയല്‍ താരം സൂര്യ രാജേഷ് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍, തഹസീല്‍ദാര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതലത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കലക്ടര്‍ നിര്‍വഹിക്കും.
(പി. ആര്‍. കെ.166/18)

സ്വാസ്ഥ്യം - അലര്‍ജി ചികിത്സാ പദ്ധതി ഉദ്ഘാടനം ഇന്ന് (ജനുവരി 23)
    കൊല്ലം ജില്ലാ പഞ്ചായത്ത് ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച് ജില്ലയിലെ 11 ബ്ലോക്കുകളിലെ ഓരോ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ അലര്‍ജി ക്ലിനിക്ക് ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്നത്തൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഇന്ന് (ജനുവരി 23) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനാകും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമ മുഖ്യപ്രഭാഷണം നടത്തും. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രിയദര്‍ശിനി, ജില്ലാ പഞ്ചായത്തംഗം കെ. ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശിവശങ്കരപ്പിള്ള, പി.എസ്. ജയലക്ഷ്മി, എസ്. ശശികല, എം. ദര്‍ശനന്‍, ജി. ശുഭ, എസ്. ഷീജ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സജീവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാമ്പ് 11.45ന് ആരംഭിക്കും.
(പി. ആര്‍. കെ.167/18)

റിപ്പബ്ലിക് ദിനാഘോഷം: കണ്‍സെഷന്‍ നല്‍കണം
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരേഡ് വീക്ഷിക്കുന്നതിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ കാര്‍ഡ് ആവശ്യപ്പെടാതെ തന്നെ വിദ്യാഭ്യാസ നിരക്കിലുള്ള കണ്‍സെഷന്‍ നല്‍കണമെന്ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
(പി. ആര്‍. കെ.168/18)

ഗാന്ധിസ്മൃതി യാത്ര: കണ്‍സെഷന്‍ നല്‍കണം
ജനുവരി 30ന് ഗാന്ധിസ്മൃതി യാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ കാര്‍ഡ് ആവശ്യപ്പെടാതെ വിദ്യാഭ്യാസ നിരക്കിലുള്ള കണ്‍സെഷന്‍ നല്‍കണമെന്ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
(പി. ആര്‍. കെ.169/18)

റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണം
    പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും ഫെബ്രുവരി 28 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുതിര്‍ന്ന അംഗമോ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സഹിതമെത്തി കൈപ്പറ്റാം. കൈപ്പറ്റാത്തവ ഉടമകള്‍ സ്ഥലത്തില്ല എന്ന നിഗമനത്തില്‍ റദ്ദാക്കും.
(പി. ആര്‍. കെ.170/18)

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്
    മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഫെബ്രുവരി ആറിന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും 20ന് കൊട്ടാരക്കര റസ്റ്റ് ഹൗസിലും സിറ്റിംഗ് നടത്തും.
(പി. ആര്‍. കെ.171/18)

സൗജന്യ പരിശീലനം
    പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ ഇലക്ട്രീഷ്യന്‍ ആന്റ് ഹൗസ് വയറിംഗ് ട്രേഡില്‍ സൗജന്യ പരിശീലനം നേടാന്‍ റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നാളെ (ജനുവരി 24) രാവിലെ 10ന് കുന്നിക്കോട് ഹരിജന്‍ വെല്‍ഫെയര്‍ ലൈബ്രറിയില്‍ അഭിമുഖത്തിന് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 9496736128 നമ്പരില്‍ ലഭിക്കും.
(പി. ആര്‍. കെ.172/18)

കയറ്റുമതി മികവിന് കെ.എം.എം.എല്ലിന് ദേശീയ പുരസ്‌കാരം
    കയറ്റുമതി രംഗത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പരിഗണിച്ച് സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ 2016-17ലെ ദേശീയ പുരസ്‌കാരം ലഭിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.കെ. റോയ് കുര്യന്‍ അവാര്‍ഡ് സ്വീകരിച്ചു.
    ദക്ഷിണേന്ത്യയിലുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നാണ് കെ.എം.എം.എല്‍ പുരസ്‌കാരം നേടിയത്. 56 കോടി രൂപയുടെ കയറ്റുമതി നേട്ടം കമ്പനിയെ അവാര്‍ഡിന് അര്‍ഹമാക്കി. 
(പി. ആര്‍. കെ.173/18)

ടെണ്ടര്‍ ക്ഷണിച്ചു
    ജില്ലയില്‍ ജീവിത ശൈലീരോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിനും/വിതരണം ചെയ്യുന്നതിനും   പേഷ്യന്റ് റിക്കോര്‍ഡ് ബുക്ക് വിതരണം ചെയ്യുന്നതിനും വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പ്രതേ്യകം ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലും 0474-2795017 നമ്പരില്‍ ലഭിക്കും.
(പി. ആര്‍. കെ.174/18)

ഇന്റര്‍വ്യൂ മാറ്റിവച്ചു
    ചവറ കെ.എം.എം.എല്ലില്‍ വിവിധ തസ്തികകളിലേക്ക് നാളെ (ജനുവരി 24) നടത്താനിരുന്ന ഇന്റര്‍വ്യൂ ഫെബ്രുവരി ആറിലേക്ക് മാറ്റിവച്ചു.
(പി. ആര്‍. കെ.175/18)
 

date